കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ തിരുവോണ ദിവസം അറസ്റ്റ് ചെയ്തു
ആറ് മാസകാലത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നേരത്തെ ഉത്തരവിട്ടിരുന്നു.

ചേർത്തല: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. നഗരസഭ എട്ടാം വാർഡിൽ നെടുമ്പ്രക്കാട് കൂമ്പേൽ വീട്ടിൽ മാട്ടൻ എന്ന് വിളിക്കുന്ന അഭിറാമിനെയാണ് (29 പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തലയിൽ സമീപ കാലത്തുണ്ടായ ഗുണ്ടാ ആക്രമണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍.
ആറ് മാസകാലത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ മാസം ആദ്യം ഈ ഉത്തരവ് കൈപ്പറ്റിയ ഇയാൾ ജില്ലയിൽ നിന്നും പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ രഹസ്യമായി നാട്ടിലെത്തിയ ഇയാളെ തിരുവോണ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചേർത്തല പോലീസ് സബ് ഇൻസ്പെക്ടർ ആന്റണി വി ജെ, പ്രസാദ്, രംഗപ്രസാദ്, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി. നിധി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മയക്കുമരുന്ന്, മോഷണം, 15 ഓളം കേസുകൾ, ജാമ്യത്തിലിറങ്ങിയിട്ടും പ്രശ്നക്കാരൻ; അജ്നാസിനെ കാപ്പചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി കേസുകളി പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി. കെ.ഇ. ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായിട്ടുള്ള ഇയാൾ ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിൽ വിരുതനാണെന്ന് പൊലീസ് പറഞ്ഞു.
വിചാരണ നടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും കവർച്ചാ കേസുകളാണ്. ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു വർഷം തടവ് ശിക്ഷ കിട്ടിയ ഇയാൾ അപ്പീൽ ജാമ്യത്തിലാണുള്ളത്. ആ കേസിൽ ഈയിടെ പൊലീസിന് നേരെ വടിവാൾ വീശിയ സംഘത്തിൽ പെട്ട മുഹമ്മദ്സുറാക്കത്താണ് കൂട്ടുപ്രതി. ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. രാജ്പാൽമീണ ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കലക്ടറാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇയാളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.