എടത്വ: പ്രഭാത സവാരിക്കിറങ്ങിയ യുവതിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളില്‍ ഒരാള്‍ പിടിയില്‍. എടത്വാ മങ്കോട്ടചിറ മീനത്തേരില്‍ ടിജോമോന്‍ തോമസ് (34) ആണ് പിടിയിലായത്. തായങ്കരി പട്ടാക്കല്‍ ശശിയുടെ മകളും ഹരിപ്പാട് സ്വദേശി നിതിന്‍ കുമാറിന്റെ ഭാര്യയുമായ ശരണ്യയുടെ (23) മാലയാണ് നഷ്ടപെട്ടത്. 

തായങ്കരി - എടത്വ റോഡില്‍ തായങ്കരി ഫിഫാ ഷാപ്പിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എല്ലാ ദിവസവും പ്രഭാത സവാരിക്ക് പോകാറുള്ള ശരണ്യ വീടിന് സമീപത്തെ റോഡില്‍വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം കഴുത്തില്‍ കിടന്ന മാല പറിക്കുകയും ശരണ്യയെ തള്ളി നിലത്ത് ഇട്ട ശേഷം പൊട്ടിച്ച് കൊണ്ട് പോവുകയുമായിരുന്നു.

നാലര പവന്‍ തൂക്കം വരുന്ന മാലയില്‍ ശരണ്യ പിടി മുറിക്കിയതിനാല്‍ പകുതി ഭാഗമാണ് നഷ്ടപെട്ടത്. സംഘത്തില്‍പെട്ട ഒരാള്‍കൂടി പിടിയിലാകാനുണ്ട്. എടത്വാ പ്രിന്‍സിപ്പിള്‍ എസ് ഐ ക്രിസ്റ്റി ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.