കല്‍പ്പറ്റ: തിരുനെല്ലിയില്‍ പുള്ളിമാനിനെ വേട്ടയാടിയെന്ന കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. മുള്ളന്‍കൊല്ലി ഓലഞ്ചേരി അനീഷ് എന്ന ഉണ്ണി (28) ആണ് കഴിഞ്ഞദിവസം മാനന്തവാടി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

വിമലാനഗര്‍ ആലക്കാമറ്റം രാമന്‍ (43), തവിഞ്ഞാല്‍ വെള്ളേരിയില്‍ സുരേഷ് (39), വെള്ളേരിയില്‍ വിനോദ് (33), വെള്ളേരിയില്‍ ബാലന്‍ (48), വേമം അമ്പത്തുംകണ്ടി പ്രദീപ്കുമാര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ രാമന്‍ ഒഴികെയുള്ളവര്‍ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം നാലിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെല്ലി ആക്കൊല്ലി എസ്റ്റേറ്റിന് സമീപത്തെ തേക്കിന്‍കാട്ടില്‍വെച്ച് സംഘം മാനിനെ വേട്ടയാടുകയായിരുന്നു. വെടിയൊച്ച കേട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ രാമന്‍ പിടിയിലായി. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പല ദിവസങ്ങളിലായി ഓരോരുത്തരായി കീഴടങ്ങി.

അനീഷിന്റെ നേതൃത്വത്തിലാണ് സംഘം വേട്ടക്കിറങ്ങിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് ബേഗൂര്‍ റേഞ്ച് ഓഫീസര്‍ കെ പി അബ്ദുല്‍ സമദ്പറഞ്ഞു.