തിരുവനന്തപുരം: വീട്ടിൽ ടിവി കാണാൻ വന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. വക്കം പണയിൽ കടവ് തോപ്പിൽ ലക്ഷംവീട്ടിൽ  കോളനിയിൽ രാമചന്ദ്രൻ ആശാരി മകൻ വിജി എന്ന് വിജയകുമാർ(37) ആണ് കടയ്ക്കാവൂർ പൊലീസിന്‍റെ പിടിയിലായത്.

ടിവി കാണാൻ വന്ന കുട്ടിയെ മുറിയിൽ കൂട്ടികൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരുന്നതോടെ പിതാവ് കാര്യം അന്വേഷിച്ചു. എന്നാല്‍, ഭയം കാരണം കുട്ടിക്ക് ഒന്നും പറയാനായില്ല. കൂടുതല്‍ ചോദിച്ചപ്പോള്‍ പിതാവിനോട് കാര്യങ്ങള്‍ കുട്ടി വിശദീകരിക്കുകയായിരുന്നു.

പിതാവാണ് കടയ്ക്കാവൂർ എസ്ഐയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. എന്നാല്‍, ഇതിനിടെ  കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മിൽ വഴക്കുണ്ടായി.  സംഭവം കേസാകും എന്ന് മനസിലായ പ്രതി മുങ്ങാനുള്ള ശ്രമം നടത്തുകയും ചെയ്തു.  

വസ്ത്രങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് പിടികൂടിയത്. കടയ്ക്കാവൂർ സിഐ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ, എസ്സിപിഒ ഡീൻ, സിപിഒമാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.