വണ്ടൂർ: തുണിക്കടയെന്ന് കരുതി ബാങ്കിൽ കവർച്ചക്ക് കയറിയെ പ്രതിയെ പോലീസ് പിടികൂടി. വണ്ടൂർ കാനറാ ബാങ്കിലെ മോഷണ ശ്രമത്തിലെ പ്രതിയായ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ പുത്തൻ വീട്ടിൽ ദാസനെയാണ്  പിടികൂടിയത്. ബാങ്കിലെ മേശവലിപ്പെല്ലാം അരിച്ചുപൊറുക്കിയിട്ടും വെറും കൈയ്യോടെ മടങ്ങേണ്ടി വന്ന ഇയാളെ തിരൂരിൽ വെച്ച് മറ്റൊരു മോഷണ കേസിലാണ് പിടികൂടിയത്. 

തുടർന്ന് വണ്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 23നാണ് സംഭവം. വണ്ടൂരിലെ കാനറാ ബാങ്കിന് തൊട്ടുതാഴെയുള്ള തുണിക്കട പകൽ വെളിച്ചത്തിൽ ഇയാൾ നോട്ടമിട്ടിരുന്നു. പുലർച്ചെയെത്തി ജനൽ കമ്പി വളച്ച് അകത്തുകടന്നപ്പോഴാണ്  സ്ഥലം മാറിയ വിവരം മോഷ്ടാവറിയുന്നത്. കയറിയ സ്ഥിതിക്ക് ബാങ്കിലെ മേശ വലിപ്പും മാനേജറുടെ ക്യാബിനുമെല്ലാം അരിച്ചുപൊറുക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. 

എന്നാൽ ബാങ്കിലും സമീപത്തുമുള്ള സി സി ടി വി ക്യാമറകൾക്ക് പ്രതിയുടെ ചിത്രം കൃത്യമായി ലഭിച്ചു. പൊലീസ് ഇയാളെ അന്വേഷിക്കുന്നതിനിടെയാണ് തിരൂരിൽ കടകുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ ഇയാൾ തിരൂർ പോലീസിന്റെ പിടിയിലാകുന്നത്. സ്ഥിരം കുറ്റവാളിയായ ഇയാൾ പകൽ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിലൂടെ അലഞ്ഞുനടന്ന് സ്ഥാപനങ്ങളും വീടുകളും കണ്ടെത്തി രാത്രി മോഷണം നടത്തുന്ന പതിവാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. വിവിധ കേസുകളിലായി 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.