കോഴിക്കോട്: നഗരത്തിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും രണ്ടു ലക്ഷം വിലമതിക്കുന്ന 14 ബാറ്ററികള്‍ മോഷ്ടിച്ച ആൾ പൊലീസ് പിടിയില്‍. നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടില്‍ അനീഷ് ആണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മാര്‍ക്കറ്റ് കോപ്ലക്‌സിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് മോഷണം നടത്തിയത്.

സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്  ഗ്ലാസ് ഡോറിന്റെ പൂട്ട് തകര്‍ത്താണ് ഇയാൾ അകത്തു കയറിയത്. ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് ബാറ്ററിയുടെ കണക്ഷന്‍ വേര്‍പെടുത്തുകയായിരുന്നു. 14 ബാറ്ററികളും  താഴെയെത്തിക്കാന്‍ പ്രയാസപ്പെട്ട ഇയാൾ സമീപത്തെ മറ്റൊരു മാളില്‍ നിന്നും കയറ്റിറക്ക് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടികൊണ്ടു വന്ന് സാധനം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പാളയത്ത് നിന്നാണ് ഓട്ടോ വിളിച്ചത്. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കയറ്റിറക്ക്  തൊഴിലാളികളും തങ്ങള്‍ക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. 

തൊഴിലാളികളില്‍ നിന്നും മോഷ്ടാവിനെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. സമാന കുറ്റകൃത്യങ്ങളില്‍ പെട്ട് അടുത്ത ദിവസങ്ങളില്‍ ജയില്‍ മോചിതരായവരെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ എളുപ്പത്തില്‍ പിടികൂടാന്‍ സഹായകരമായത്. പൊലീസ് അന്വേഷിച്ച് വീട്ടില്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇയാൾ പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണം അവസാനിപ്പിച്ചെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഇയാള്‍  നാട്ടിലേക്ക് തിരിച്ചു.

വീട്ടിലേക്ക് വരുന്നവഴി നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ. കൈലാസ് നാഥ് സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററികള്‍ പൊറ്റമ്മലുള്ള ആക്രിക്കടയില്‍  വിറ്റതായി പ്രതി സമ്മതിച്ചു. തുടര്‍ന്ന് കടയില്‍ നിന്നും പൊലീസ് ബാറ്ററി കണ്ടെടുക്കുകയും ചെയ്തു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ഷഹീര്‍ സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.