കൊച്ചി ചിറ്റേത്തുകരയിലെ ബാറിൽ മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ യുവാവിനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് താമസക്കാരനായ സോണൽ സന്തോഷാണ് പിടിയിലായത്. ബാറിന് പുറത്തെ പാർക്കിംഗിൽ വെച്ചാണ് ഇയാൾ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടിയത്.
കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷിനെ (29) ആണ് പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 17-ന് പുലർച്ചെ ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്റെ ഗ്ലാസിൽ നിന്നും സോണലിന്റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വെച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്, എസ്.സി.പി.ഒ മാരായ കണ്ണൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


