എറണാകുളത്തെ കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സുമൻ ഷെയ്ഖ് ആണ് നോർത്ത് പറവൂർ പൊലീസിന്റെ പിടിയിലായത്.
കൊച്ചി: നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ സുമൻ ഷെയ്ഖി (23) നെയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു കഞ്ചാവ് പിടികൂടിയത്.
കഞ്ചാവുമായി വന്ന മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ല ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. സുമൻ ഷെയ്ഖിനെ പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ആർപിഎഫിൻ്റെ സഹായത്തോടെയാണ് പിടികൂടിയത്.
മുമ്പ് പൊലീസ് പിടിയിലായിരുന്നവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, പറവൂർ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐമാരായ അഖിൽ, ഗിരീഷ്, ബിജു, എഎസ്ഐമാരായ സിനുമോൻ, ജോസഫ്, എസ് സിപിഒമാരായ സിൻ്റോ ജോയ്, റെജി സിപിഒ ആഷ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


