ഒരു മാസകാലയളവിന് ശേഷം ഇഎംഎ അടക്കുന്നില്ലേ എന്ന് ചോദിച്ചു സ്വകാര്യ ബാങ്കിലെ ഇടപാടുകാർ വീട്ടമ്മമാരെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് തങ്ങൾ ലോണിന്‍റെ പേരിൽ കബളിപ്പിക്കപ്പെട്ടു എന്ന് വീട്ടമ്മമാർക്ക് മനസ്സിലായത്.
കൊല്ലം: പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാമെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗറിൽ അശ്വതി ഭവനിൽ രഞ്ജിത്താണ് പിടിയിലായത്. വാട്ട്സ്റ്റാപ്പിലൂടെ പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകുമെന്ന് പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം ശ്രദ്ധയിൽപ്പെട്ട നിരവധി വീട്ടമ്മമാർ നമ്പറിൽ ബന്ധപ്പെട്ടു. ഇവരുടെ വിശ്വസം നേടിയെടുത്ത പ്രതി എല്ലാ രേഖകളും വാട്സ്ആപ്പിലൂടെ കൈക്കലാക്കി. തുടർന്ന് സിബിൽ സ്കോർ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും ലഭിക്കാവുന്ന തുക എത്രയാണെന്ന് മനസ്സിലാക്കിയശേഷം ലോൺ ശരിയായി എന്ന് അറിയിക്കുകയും ചെയ്തു.
പിന്നീട് സ്ത്രീകളോട് കൊല്ലം പള്ളിമുക്ക് പ്രവർത്തിക്കുന്ന വിവിധ ഹോം അപ്ലൈൻസ് ഷോറൂമുകളിൽ എത്തിച്ചേരാൻ അറിയിക്കുന്നതായിരുന്നു രീതി. ഷോറൂമുകളിൽ ഫിനാൻസ് വിഭാഗം ആളുകൾ ഇവരെ കൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ എടുപ്പിക്കും. വില കൂടിയ മൊബൈൽ ഫോൺ, എസി, ഫ്രിഡ്ജ് എന്നീ ഉപകരണങ്ങളാണ് ഇവരുടെ പേരിൽ വാങ്ങിച്ചത്. പേഴ്സണൽ ലോൺ ആവശ്യത്തിനായി എത്തിച്ചേർന്നവർ പർച്ചേസ് ലോൺ എന്ന തരത്തിലേക്ക് മാറിയപ്പോൾ പ്രതിയുമായി ബന്ധപ്പെട്ടു. പ്രതി അവരോട് പറഞ്ഞത് ഈ സാധനങ്ങളൊക്കെ നിങ്ങളുടെ പേരിൽ വാങ്ങിയ ശേഷം ഇത് മറിച്ച് വിൽക്കുമ്പോൾ ആണ് നിങ്ങളുടെ പണം നിങ്ങൾക്ക് ലഭിക്കുന്നത് എന്നായിരുന്നു. ഒരു മാസകാലയളവിന് ശേഷം ഇഎംഎ അടക്കുന്നില്ലേ എന്ന് ചോദിച്ചു സ്വകാര്യ ബാങ്കിലെ ഇടപാടുകാർ വീട്ടമ്മമാരെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് വീട്ടമ്മമാർക്ക് മനസ്സിലായത്.
ചതിയ്ക്കപ്പെട്ട കൊല്ലം മീനാട് സ്വദേശിനിയും അഞ്ചൽ വിളക്കുപാറ സ്വദേശിനിയും കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പല പേരുകളിലും പല മേൽവിലാസത്തിലും താമസിക്കുകയായിരുന്ന പ്രതിയെ തന്ത്രപൂർവ്വം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഇയാൾ തട്ടിപ്പിന് ഉപയോഗിച്ച സിംകാർഡും ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ മറ്റു പൊലീസ് സ്റ്റേഷനുകളിൽ പരാതികളോ കേസുകളോ ഉണ്ടോ എന്ന് എന്നും തട്ടിപ്പിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം തുടരുകയാണ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പ്രദീപ് ജെ യുടെ നേതൃത്വത്തിൽ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


