പന്തീരാങ്കാവ് പൊലീസ് നല്ലനടപ്പിന് നടപടി സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കോഴിക്കോട്: അടിപിടി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ യുവാവിനെതിരേ കാപ്പ വകുപ്പ് ചുമത്തി വീണ്ടും ജയിലില്‍ അടച്ചു. കോഴിക്കോട് പെരുമണ്ണ മുണ്ടുപാലം സ്വദേശി വളയംപറമ്പ് വീട്ടില്‍ ഷനൂപി(ചിക്കു-42) നെതിരെയാണ് നടപടി. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമിച്ചതിനും വഞ്ചനാക്കുറ്റത്തിനും ക്രമിനല്‍ ഗൂഢാലോചന കുറ്റത്തിനും ഉള്‍പ്പെടെ ഇയാളുടെ പേരില്‍ കേസുകളുണ്ട്. പന്തീരാങ്കാവ്, നടക്കാവ് സ്റ്റേഷനുകളിലായി നാല് കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

പന്തീരാങ്കാവ് പൊലീസ് നല്ലനടപ്പിന് നടപടി സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം ഒരു വര്‍ഷക്കാലത്തെ നല്ലനടപ്പ് ജാമ്യത്തില്‍ കഴിയവേ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.