Asianet News MalayalamAsianet News Malayalam

പുതിയ തന്ത്രം പയറ്റി, കച്ചവടത്തിന് തെരഞ്ഞെടുത്തത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയ; എല്ലാം പാളി, ഒടുവിൽ അറസ്റ്റ്

കോഴിക്കോട് ഡാൻസാഫ് വിഭാഗവും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

man arrested while attempting sell MDMA from Hospital compound at Calicut
Author
First Published May 5, 2024, 8:17 PM IST

കോഴിക്കോട് : വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി തിരൂർ മംഗലം മാങ്ങാപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി എം.പി (44) യെ കേരളാ പൊലീസിന്റെ നാര്‍കോടിക് വിഭാഗം അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജിമ്മി പിജെയുടെ  നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് മുഹമ്മദ് ഷാഫിയെ എംഡിഎംഎയുമായി പിടികൂടിയത്. കോഴിക്കോട് ബൈപ്പാസ് ഭാഗത്ത് ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കൾക്ക് ലഹരിമരുന്ന് വിൽക്കാനായാണ് ഇയാൾ എത്തിയത്. പൊലീസിന്റെയും നാര്‍കോടിക്സ് വിഭാഗത്തിന്റെയും കണ്ണ് വെട്ടിക്കാൻ കോഴിക്കോട് ബൈപ്പാസിലെ മെട്രോ ഹോസ്പിറ്റലിന്റെ പാര്‍ക്കിങ് ഏരിയയാണ് പ്രതി കച്ചവടത്തിനായി തിരഞ്ഞെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.150 ഗ്രാം എംഡിഎംഎ പിടികൂടി.

മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന ശ്യംഖലയിലെ കണ്ണിയാണ് ഷാഫിയെന്ന് പൊലീസും നാര്‍കോടിക്സ് വിഭാഗവും പറയുന്നു. എംഡിഎംഎ കച്ചവടത്തിന് പുതിയ തന്ത്രവുമായാണ് ഇയാൾ കോഴിക്കോട് എത്തിയത്. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരി കച്ചവടം നടത്തുകയായിരുന്നു ലക്ഷ്യം. ആശുപത്രി പരിസരത്ത് വിൽപ്പന നടത്തിയാൽ പൊലീസിന്റെ കണ്ണുവെട്ടിക്കാമെന്നും പ്രതി കരുതി. എന്നാൽ നീക്കം നേരത്തെ മനസിലാക്കി പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 25000 രൂപ വില വരും. ആരാണ് ഇയാൾക്ക് ലഹരിമരുന്ന് നൽകിയതെന്നും ആർക്കെല്ലാമാണ് ഇയാൾ ഇത് കൊടുക്കുന്നതെന്നും, മുൻപ് എത്ര തവണ കോഴിക്കോട് ഭാഗത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ അന്വേക്ഷണം നടത്തിയാലേ മനസ്സിലാക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധനകൾ കര്‍ശനമാക്കിയിട്ടുണ്ട്. ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം ഊർജ്ജിതമാക്കി. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ, അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് എം, സി.പി.ഒമാരായ ബിഗിൻ ലാൽ.  എൻ. വി , സുബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios