കൊച്ചി സിറ്റി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി 15 കിലോയിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി അഹദ് അലി പിടിയിലായി. ഇടപ്പള്ളി ടോൾ ഭാഗത്ത് നിന്നാണ് ഇയാളെ ഡാൻസാഫ് ടീം പിടികൂടിയത്. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന അന്യസംസ്ഥാന റാക്കറ്റിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് കമർപൂര് കോളനി സ്വദേശിയായ അഹദ് അലി (36) യെയാണ് 15.183 കിലോഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് പ്രതിയെ കഞ്ചാവുമായി ടീം സാഹസികമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന റാക്കറ്റിന്റെ ഉറവിടത്തെക്കുറിച്ചും ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.