സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി മലപ്പുറത്ത് 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ സ്വദേശി സക്കീർ ഹുസൈൻ പിടിയിലായി. മുൻപ് ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരി വിൽക്കുന്ന പ്രധാന കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ലഹരി എത്തിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊന്മുണ്ടം സ്വദേശി പിടിയിലായി. പൊന്മുണ്ടം ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) ഞായറാഴ്ച രാത്രി എട്ടരയോടെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളായി പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പ്രതി സക്കീർ ഹുസൈൻ കുടുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സക്കീർ ഹുസൈൻ മുൻപും ലഹരിക്കേസിൽ പ്രതിയാണ്. കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടിയിലായി രണ്ടുമാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ. തിരൂർ, കോട്ടക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായ സക്കീർ ഹുസൈനെന്ന് പൊലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഡാൻസാഫ് ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, കൊളത്തൂർ ഇൻസ്‌പെക്ടർ എം. ബിജു, മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. പൊലീസ് സംഘത്തിൽ എസ്.സി.പി.ഒമാരായ മനോജ് കുമാർ, ദിനേശ്, പ്രഫുൽ, പ്രശാന്ത്, കൃഷ്ണകുമാർ, സുരേന്ദ്ര ബാബു എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.