ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്

കൊച്ചി: കോലഞ്ചേരിയിൽ കഞ്ചാവും എയർപിസ്റ്റളുമായി യുവാവ് പൊലീസ് പിടിയിൽ. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടിൽ അനന്ദു (24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു കിലോ എഴുപത്തിമൂന്ന് ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പർ, കഞ്ചാവ് കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നുമാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്. സഞ്ചരിക്കുന്ന കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് അനന്ദു വിൽപ്പന നടത്തിയിരുന്നത്. ഡിവൈഎസ്പിമാരായ അജയ് നാഥ്, പി പി ഷംസ്, സബ് ഇൻസ്പെക്ടർമാരായ പി കെ സുരേഷ്, കെ സജീവ്, എഎസ്ഐ സി ഒ സജീവ്, എസ്‍എസ്പിഒമാരായ ഡിനിൽ ദാമോധരൻ, പി ആർ അഖിൽ, നിഷാ മാധവൻ, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, പാലക്കാട് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഹാഷിഷ് ഓയിൽ പിടികൂടി. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയിൽ. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു.

തൃശ്ശൂരിലെ സുഹൃത്തിന് നൽകാൻ ഹാഷിഷ് ഓയിൽ വാങ്ങിയെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശ്ശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷ്ണു സൂചിപ്പിച്ച തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാലക്കാട് ജില്ലയിൽ വലിയ അളവിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്.

കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; 6 മാസത്തിനിടെ എത്തിച്ചത് നാലര കിലോ എംഡിഎംഎ