കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഇടനിലക്കാർക്ക് വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ. മാനന്തവാടി കടയാട്ട് സ്വദേശി കണിയാംകണ്ടി മൻസൂർ(30) ആണ് പൊലീസിന്റെ പിടിയിലായത്. 

രാത്രികാലങ്ങളിൽ കോഴിക്കോട്-വയനാട് ഹൈവേ കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ  കോഴിക്കോട് ജില്ല പൊലീസ് മേധാവി ഏ വി ജോർജിന്റെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് ജില്ലാ ലഹരി വിരുദ്ധ സ്പെഷൽ സ്ക്വാഡിന്റെയും ലോക്കൽ പൊലീസിന്റെയും നേതൃത്വത്തിൽ   രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി പട്രോളിങ്ങിനിടെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിമംഗലത്ത് പൊലീസ് ജീപ്പ് കണ്ട് വെപ്രാളപ്പെട്ട്  റോഡരികിൽ നിർത്തിയിട്ട ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ച നിലയിൽ കാണപ്പെട്ട 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.   

ബാംഗ്ലൂരിലുള്ള സുഹൃത്ത് വഴിയാണ് വിൽപ്പനക്കായി കഞ്ചാവ് വാങ്ങിക്കുന്നതെന്നും കോഴിക്കോട് ജില്ലയിലുള്ള ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണെന്നും ഇയാളെ ചോദ്യം ചെയ്തതിൽ  പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 10 കിലോയിലധികം കഞ്ചാവുമായി ആരാമ്പ്രം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുന്ദമംഗലം പൊലീസ്  സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി എസ്, എഎസ്ഐ  അബ്ദുൾ മുനീർ, ഡ്രൈവർ സിപിഒ  ധന്യേഷ്. ടി ഹോംഗാർഡ് ഗോപാലകൃഷ്ണൻ     ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ  അഖിലേഷ്.കെ,  നവീൻ എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ വി എന്നിവരടങ്ങുന്ന സംഘമാണ് മൻസൂറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.