Asianet News MalayalamAsianet News Malayalam

മദ്യക്കുപ്പികൾ തകർത്തു, വനിത ജീവനക്കാരിയെ ഉന്തി; ബിവറേജസിൽ യുവാവിന്റെ അതിക്രമം

 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. ബിയർ കുപ്പിയുടെ അടപ്പ് പൊട്ടിച്ച് സൂപ്പർമാർക്കറ്റിനുള്ളിൽ തന്നെ യുവാവ് മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അയ്യന്തോൾ പഞ്ചിക്കലിലെ സൂപ്പർമാർക്കറ്റിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആണു സംഭവം

man attack in beverages super market
Author
Thrissur, First Published Dec 21, 2021, 10:06 AM IST

തൃശൂർ: ബവ്കോ സൂപ്പർമാർക്കറ്റിൽ (BEVCO Supermarket) മദ്യക്കുപ്പികൾ (Liquor Bottles) പൊട്ടിച്ചും വധഭീഷണി മുഴക്കിയും അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് തൃശൂർ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ മുപ്പതിലേറെ വിദേശമദ്യ- ബിയർ കുപ്പികൾ എറിഞ്ഞുടച്ചതായാണ് ഏകദേശ കണക്ക്. . 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. ബിയർ കുപ്പിയുടെ അടപ്പ് പൊട്ടിച്ച് സൂപ്പർമാർക്കറ്റിനുള്ളിൽ തന്നെ യുവാവ് മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അയ്യന്തോൾ പഞ്ചിക്കലിലെ സൂപ്പർമാർക്കറ്റിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആണു സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോട് അപമര്യാദയായും പ്രകോപനപരമായും സംസാരിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഈ സമയം, നാല് വനിതാ ജീവനക്കാരും രണ്ട് പുരുഷ ജീവനക്കാരുമാണു ഉണ്ടായിരുന്നത്.

ഇവർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് സൂപ്പർ മാർക്കറ്റിനുള്ളിലൂടെ മദ്യക്കുപ്പികൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിക്രം ചോദ്യം ചെയ്ത വനിത ജീവനക്കാരെ ഉന്തുകയും ചെയ്തു. കുപ്പിച്ചില്ലുമായി യുവാവ് വധഭീഷണി മുഴക്കുന്നതും പരസ്യമായി മദ്യപിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി തൃശൂർ വെസ്റ്റ് പൊലീസ് പറഞ്ഞു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios