ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാകുകയായിരുന്നു. മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ശാന്തനാകാതെ ഇയാൾ അക്രമാസക്തനായി.

ഹരിപ്പാട്: ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷിനെയാണ് (39) ഹരിപ്പാട് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലായിരുന്നു സംഭവം. പിക് അപ്പ് വാനിലെത്തിയ മഹേഷ് ഹോട്ടലിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കാനിരിക്കെ, ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാകുകയായിരുന്നു. മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ശാന്തനാകാതെ ഇയാൾ അക്രമാസക്തനായി. 

തുടർന്ന് ഭക്ഷണം തട്ടിത്തെറിപ്പിച്ച ശേഷം താഴെയെത്തിയ യുവാവ് ബില്ലിങ് കൗണ്ടറിലുണ്ടായിരുന്ന റീജ എന്ന ജീവനക്കാരിയെ അസഭ്യം പറയുകയും കൗണ്ടറും കമ്പ്യൂട്ടറും മറ്റ് സാമഗ്രികളും ജീവനക്കാരിയുടെ നേർക്ക് തള്ളിയിട്ട് നശിപ്പിക്കുകയുമായിരുന്നു. റീജയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. അക്രമത്തിൽ ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് സാധനങ്ങളും തകർന്നു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഹോട്ടൽ ഉടമകൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.