തൃത്താല: 59 വിദ്യാർഥിനികളെ ലൈം​ഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ കടയുടമയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പട്ടിത്തറയിലെ ഒരു സ്കൂളിലെ കുട്ടികളുടെ പരാതിയിലാണ് സമീപത്തെ കടയുടമയായ കക്കാട്ടിരി സ്വദേശി കെ കൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരാണ് പെ‍ാലീസിന് വിവരം നൽകിയത്.

കേസിൽ പരാതി നൽകിയ കുട്ടികളിൽ ഇതുവരെ 11പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ചെല്ലുമ്പോഴാണ് കടയുടമ ദുരുദ്ദേശത്തോടെ പെരുമാറാറുളളതെന്ന് കുട്ടികൾ പൊലീസിൽ മൊഴി നൽകി. ഇയാളുടെ ചെയ്തികളെപ്പറ്റി കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി വീട്ടിൽ പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതരും വീട്ടുകാരും ചേർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ എത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ വർഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറംലോകമറിയുന്നത്.

അവധി ദിവസമായതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കി രഹസ്യ മൊഴിയെടുക്കാനുളള നടപടിക്രമങ്ങൾക്ക് തുടക്കമിടുമെന്നും തൃത്താല പൊലീസ് അറിയിച്ചു. അതേസമയം, ഒളിവിൽപ്പോയ കൃഷ്ണന് വേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.