കെ എസ് ആർടിസി എംഡിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി പ്രിയപ്പെട്ട ബസുൾപ്പെടെ മൂന്ന് ബസുകൾ പൊൻകുന്നം ഡിപ്പോയിൽ നിന്ന് അഖിൽ ബുക്ക് ചെയ്തു.
കോട്ടയം: പൊൻകുന്നം ചിറക്കടവ് സ്വദേശി അഖിൽ വിവാഹ ദിവസത്തെ ആവശ്യത്തിന് വിളിച്ചത് അത്യാഡംബര സൗകര്യങ്ങളുള്ള ശീതീകരിച്ച സ്വകാര്യ ബസിനെ അല്ല. പകരം നമ്മുടെ സ്വന്തം ആനവണ്ടിയെ. പല കാരണങ്ങൾ കൊണ്ട് അഖിലിന് ഏറെ പ്രിയപ്പെട്ടതാണ് കെഎസ്ആർടിസി ബസുകൾ. അതുകൊണ്ടാണ് തൻ്റെ ജീവിതത്തിലെ എല്ലാ സാഭാഗ്യത്തിനും കാരണമായ ഏറ്റവും പ്രിയപ്പെട്ട ആർഎൻസി 816 നമ്പർ ബസിനെ തൻ്റെ വിവാഹയാത്രയിലും അഖിൽ എസ് നായർ ഏറെ സന്തോഷത്തോടെ ഒപ്പം കൂട്ടിയത്. വധൂവരൻമാരുടെ വിവാഹ ദിവസമുള്ള യാത്രകൾ എല്ലാം ഈ ബസിൽ തന്നെ ആയിരുന്നു.
ആർഎൻസി 816 ബസിനോടുള്ള അഖിലിൻ്റെ പ്രിയത്തിന് പിന്നിൽ ഒരു കഥയുണ്ട്. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിൽ വിദ്യാർഥിയായിരിക്കെ അഖിലിന്റെ സ്ഥിരം യാത്ര ഈ ബസിലായിരുന്നു. ബസ് യാത്രയ്ക്കിടയിലാണ് തമ്പലക്കാട് എൻഎസ്എസ് യുപി സ്‌കൂളിലെ അധ്യാപകനായ അഖിലിന് ഈ നിയമനം കിട്ടിയത്. ഇതോടെ ഈ ബസ് അഖിലിന് ഏറെ പ്രിയപ്പെട്ടതായി. തന്റെ ജീവിത സൗഭാഗ്യങ്ങൾ എല്ലാം കൊണ്ടുവന്നത് ആർഎൻസി 816 എന്ന ബസാണെന്ന് അഖിൽ വിശ്വസിക്കുന്നു. ഇതോടെയാണ് ജീവിതത്തിലെ ഏറ്റവും ശുഭ മുഹൂർത്തത്തിൽ ബസിനെ ഒപ്പം കൂട്ടാൻ അഖിൽ തീരുമാനിച്ചത്.
കെ എസ് ആർടിസി എംഡിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി പ്രിയപ്പെട്ട ബസുൾപ്പെടെ മൂന്ന് ബസുകൾ പൊൻകുന്നം ഡിപ്പോയിൽ നിന്ന് അഖിൽ ബുക്ക് ചെയ്തു. ഓരോ ബസ്സിനും 9600 രൂപ വീതമായിരുന്നു നിരക്ക്. ചിറക്കടവ് ചിറയ്ക്കൽ പുതുവയൽ ശിവദാസൻ നായരുടെയും മായാദേവിയുടെയും മകൻ അഖിൽ എസ്.നായരും അന്തീനാട് പൊട്ടനാനിക്കൽ സുചിത്രയുമായി അന്തീനാട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചിറക്കടവിൽ നിന്ന് ബന്ധുക്കളെല്ലാം യാത്ര തിരിച്ചതും ട്രാൻസ്‌പോർട്ട് ബസുകളിൽ തന്നെ. ആർക്കും പരാതി ഉണ്ടായിരുന്നില്ല. പകരം സന്തോഷം മാത്രം.
