ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ വീട്ടമ്മയുടെ മതിൽ കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് അയൽ വാസി തകർത്തതായി പരാതി. പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് പുന്തല പുത്തൻ പുരക്കൽ സുധ (50)യുടെ വീടിന്റെ മതിലാണ് തകർത്തത്. 13 വർഷം മുമ്പ് സുധയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. 

പിന്നീട് തനിച്ചു താമസിക്കുന്ന ഇവരും അയൽവാസി കുന്നത്തു വീട്ടിൽ ഗോപാലകൃഷ്ണനുമായി വഴിത്തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നതിനാൽ മതിലിൽ തൊടരുതെന്ന് ഗോപാലകൃഷ്ണന് കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് രണ്ടാഴ്‌ച മുൻപ് മതിലിന്റെ രണ്ട് സ്ലാബുകൾ ഇദ്ദേഹം തകർത്തിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രി ഒരു മണിയോടെ മതിൽ മുഴുവൻ തകർത്തത്. ഇതിനു ശേഷം മതിലിന്റെ ഭാഗങ്ങൾ വാഹനത്തിലാക്കി റോഡിന്റെ പല ഭാഗങ്ങളിലായി കൊണ്ടിടുകയായിരുന്നു. ഇത് സംബന്ധിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതായി സുധ അറിയിച്ചു.