മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് കമാലിന്റെ രണ്ട് സഹോദരന്മാരെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: തോപ്പുംപടി പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട തന്റെ രണ്ട് സഹോദരങ്ങളെയും വിട്ടുകിട്ടണമെന്നും ഇവരെ കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.

ഫോർട്ട്‌ കൊച്ചി സ്വദേശി കമാൽ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കമാലിന്റെ സഹോദരൻ മാലിക് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ്. മാലികും മറ്റൊരു സഹോദരനും ഇന്നലെ മഹാരാജാസ് കോളേജിലെത്തിയിരുന്നു. തുടർന്ന് ഇവിടെ ഉണ്ടായ തർക്കമാണ് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ വലിയൊരു ഏറ്റുമുട്ടലിലേക്ക് നീങ്ങാൻ കാരണം.

സംഭവത്തിന് പിന്നാലെ കമാലിന്റെ രണ്ട് സഹോദരന്മാരെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാലികിനെയും സഹോദരനെയും കാണണമെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് കമാൽ പാലത്തിന് മുകളിൽ കയറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിന് പിടിയിലായ സഹോദരങ്ങളെ കാണാൻ അനുവദിക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവ് താഴെയിറങ്ങിയത്.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കമാലിനോട് സംസാരിക്കുമെന്നും എന്താണ് ആവശ്യമെന്ന് ചോദിച്ചറിയുമെന്നും കൊച്ചി സിറ്റി എസിപി വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളേജിൽ എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കെഎസ് യു യൂണിറ്റ് പ്രസിഡൻ്റ് അതുൽ, എസ് എഫ് ഐ പ്രവർത്തകൻ അനന്ദു, വിദ്യാർത്ഥിയായ മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. 

മഹാരാജാസ് കോളേജിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രശ്നങ്ങൾ ഇന്നലെ വൈകീട്ടോടെയാണ് വഷളായത്. കോളേജിന് സമീപത്തുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലടക്കം ഇതേ തുടർന്ന് സംഘർഷം നടന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്‍റ് അമൽ ജിത്ത് കുറ്റ്യാടി, വനിതാ പ്രവർത്തകയായ റൂബി അടക്കം പത്ത് എസ്എഫ്ഐക്കാർക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‍‍യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.