എടത്വാ: വെള്ളപ്പൊക്കമായാലും പ്രളയമായാലും കരകയറാന്‍  കുട്ടനാട്ടുകാര്‍ക്ക് ആശ്വാസമായി ഫ്രിഡ്ജ് തോണിയും. ഉപയോഗശൂന്യമായ ഫ്രിഡ്ജിനെ തോണിയാക്കിയും  വെള്ളം പൊങ്ങുമ്പോള്‍ കുട്ടനാട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നുണ്ട്. തലവടി വാലയില്‍ ഡോ. ജോണ്‍സണ്‍ വി ഇടിക്കുളയുടെ ഫ്രിഡ്ജാണ് തോണിയായി രൂപപ്പെട്ടത്. 

2018-ലെ പ്രളയത്തില്‍ കേടായ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് അയല്‍ക്കാരന് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. അയല്‍ക്കാരന്‍ പുതിയ ഫ്രിഡ്ജ് വാങ്ങിയപ്പോള്‍ ഫ്രിഡ്ജ് തിരികെ ജോണ്‍സണെ ഏല്‍പ്പിച്ചു. ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭാര്യ ജിജിമോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഫ്രിഡ്ജ് വീടിന്റെ സ്റ്റോറൂമില്‍ വിശ്രമത്തിലായത്.

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സ്റ്റോറൂമില്‍ നിന്ന് പൊടിതട്ടിയെടുത്ത ഫ്രിഡ്ജ് അയല്‍വാസിയായ വിനോദിന്റെ സഹായത്താല്‍ തോണിയാക്കി മാറ്റി. മൂന്നോളം പേര്‍ക്ക് ഫ്രിഡ്ജ് തോണിയില്‍ ഒരേപോലെ സഞ്ചരിക്കാന്‍ കഴിയും. വെള്ളപ്പൊക്കത്തില്‍ മൂന്ന് കുടുംബത്തെ  ഫ്രിഡ്ജ് തോണിയില്‍ സുരക്ഷിതമായ മറ്റൊരു വീട്ടില്‍ എത്തിക്കാന്‍ സാധിച്ചു. ഫ്രിഡ്ജ് തോണിയുടെ പ്രയോജനം ഓരോ ദിവസം കഴിയുംതോടും ഏറിവരുകയാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്.

രക്ഷപ്രവര്‍ത്തനത്തിന് മാത്രമല്ല ശുദ്ധജലം എത്തിക്കാനായും പലരും തോണി ആശ്രയിക്കാറുണ്ട്. വള്ളങ്ങളില്ലാത്ത സമീപവാസികള്‍ കിയോസ്‌കില്‍ നിന്ന് ലഭിക്കുന്ന സൗജന്യ ശുദ്ധജലം ഫ്രിഡ്ജ് തോണിയിലാണ് വീടുകളില്‍ എത്തിക്കുന്നത്. അതിജീവനം പാഠമാക്കിയ കുട്ടനാട്ടുകാര്‍ എല്ലാം അതിജീവിക്കുമെന്നുറപ്പ്.