ഇടുക്കി: പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് ആന്റണി (26) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹര്‍ത്താല്‍ ദിവസമായ വ്യാഴാഴ്ച ഉച്ചയോടെയാണ് ആറ് സുഹൃത്തുക്കളോടൊപ്പം കുണ്ടളയാറിലെ ഗ്രാംസ്ലാന്‍ഡ് ഭാഗത്തുള്ള മാട്ടുപ്പാലം ഭാഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്.

അന്നുതന്നെ പോലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാരും അഗ്‌നിശമനാ സേനാംഗങ്ങളും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദരെ വിളിച്ചു വരുത്തുകയായിരുന്നു. 

ഇവരുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു രഞ്ജിത്ത് ജോലി ചെയ്തു വന്നിരുന്നത്. അടുത്ത കാലത്തായിരുന്നു വിവാഹ നിശ്ചയം. ഹര്‍ത്താല്‍ ദിനത്തിലെ ഒഴിവുനേരം ചിലവഴിക്കാനാണ് യുവാവ് സുഹൃത്തോളോടൊത്ത് പുഴയിലെത്തിയത്. ഭക്ഷണം തയ്യാറാക്കിയ ശേഷം കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. എ.പി ആന്റണി, ഷെറിന്‍ എന്നിവരാണ് മാതാപിതാക്കള്‍. രമ്യ, റിച്ചു എന്നിവര്‍ സഹോദരങ്ങളാണ്.