രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇടുക്കി: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്‍(47) ആണ് മരിച്ചത്. വിജുവിന്റെ സഹോദരന്‍ സുരേഷാണ് കരള്‍ നല്‍കിയത്. തുടര്‍ ചികിത്സക്കായി എറണാകുളത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

രണ്ട് ദിവസം തീവ്രപരചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. രക്ത സമ്മര്‍ദം കുറഞ്ഞതും, തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ ലൈന്‍മാനായിരുന്നു വിജു. 

രണ്ടര വര്‍ഷം മുമ്പ് അണക്കര കുങ്കിരിപ്പെട്ടിയില്‍ വൈദ്യുതി ലൈനിലെ ജോലിക്കിടെ വിജുവിന് ഷോക്കേറ്റിരുന്നു. ഷോക്കേറ്റ് താഴെ വീണ് കൈകാലുകള്‍ക്കും നട്ടെല്ലിനും ക്ഷതമേറ്റ വിജു ദീര്‍ഘനാളത്തെ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രവുവരിയിലാണ് വിജുവിന് മഞ്ഞപ്പിത്തം ബാധിച്ചതായും, ഇത് കരളിനും വൃക്കയ്ക്കും തകരാര്‍ വരുത്തിയതായും അറിയുന്നത്. 

തുടര്‍ന്ന് വൈദ്യുതി വകുപ്പിന്‍റെയും നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ചികിത്സാ സഹായ സമിതിയുടെയും സഹായത്തോടെ കഴിഞ്ഞമാസം കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സാ സഹായ സമിതി ശേഖരിച്ച, ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക വിജുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം പറഞ്ഞു.