വയനാട്: വയനാട്ടിലെ പുല്‍പ്പള്ളിയിൽ കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. റെയില്‍വേ മുന്‍ ജീവനക്കാരന്‍ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) ആണ് മരിച്ചത്.

പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് ഇന്ന് ഉച്ചയോടെ പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വിജയന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് തേക്കിന്‍ കാട്ടില്‍ കാട്ടുതീ പടര്‍ന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നീണ്ട നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി തീയണക്കുകയായിരുന്നു.

ഇതിനിടയിലാണ് വിജയന്‍ കുഴഞ്ഞുവീണത്. തീ പടര്‍ന്നതിന് സമീപത്തേക്ക് ബക്കറ്റില്‍ വെള്ളവുമായെത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സുധയാണ് ഭാര്യ. അക്ഷയ്, ആകാശ്, സീതാലക്ഷ്മി എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.