കോഴിക്കോട്: കാട്ടുതേനീച്ചയുടെ കുത്തേറ്റ് കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച  ഒരാൾ മരിച്ചു. അരീക്കോട് ഉഗ്രപുരം താരിപ്പറമ്പത്ത് കുറ്റിപുറത്തു ചാലിൽ കെ. സി അബ്ദുറഹിമാൻ (69)ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ അരീക്കോട് ഉഗ്രപുരത്ത് നിന്ന് കണ്ടപ്പൻചാലിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു. 

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കണ്ടപ്പൻചാൽ പാലത്തിന് അടിവശത്ത് നിന്ന് തേനീച്ച കൂടിളകി വന്നത്. ഒരു കുട്ടി ഉൾപ്പടെ  എട്ടോളം പേർക്കാണ് കുത്തേറ്റത്. ആനക്കാംപൊയിൽ, കണ്ടപ്പൻചാൽ സ്വദേശികളായ ഓരോരുത്തരും പരിക്കേറ്റവരിൽപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പരിസര വാസികൾ നെല്ലിപ്പൊയിൽ, ഓമശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി  പ്രവേശിപ്പിക്കുകയായിരുന്നു.