സ്ട്രീറ്റ് ലൈറ്റ് തെളിയിക്കുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാര്‍ തൊഴിലാളി മരിച്ചു
ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ നിന്നും വഴിവിളക്ക് തെളിക്കാൻ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോൻ.

വണ്ടിപ്പെരിയാര്‍: ഇടുക്കിയില്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ളാമല ചാത്തനാട്ട് വീട്ടിൽ സലി മോൻ (48) ആണ് മരിച്ചത്. ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ നിന്നും വഴിവിളക്ക് തെളിക്കാൻ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോൻ. വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടയിലാണ് ഷോക്കേറ്റത്.
വണ്ടിപ്പെരിയാർ സെക്ഷന് കീഴിൽ കറപ്പുപാലം ഭാഗത്ത് വഴി വിളക്കുകൾ തെളിയിക്കുന്ന ജോലികൾക്കായി വൈദ്യുതി വിഛ്ഛേദിച്ചിരുന്നു. ഇവിടുത്തെ ജോലികൾ അവസാനിച്ച് വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിലെ ബൾബ് മാറുന്നതിനായി സാലിമോനും കൂട്ടരും എത്തി. ഈ സമയം ലൈനിൽ വൈദ്യുതി ഉണ്ടെന്നറിയാതെ ഏണിചാരി വെക്കുന്നതിടയിൽ കമ്പിയിൽ തട്ടി ഷോക്കേറ്റ് സാലി മോൻ താഴെ വീഴുകയായിരുന്നു.
അതേസമയം ജില്ലയില്‍ മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ കൂടി വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ടു. ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് മരണം. കുമളി മുരുക്കടിയിലാണ് സംഭവം നടന്നത്. അട്ടപ്പള്ളം പുത്തൻ പുരയിൽ സുഭാഷ് പുന്നക്കുഴിയിൽ ശിവദാസ് എന്നിവരാണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
Read More : ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു