പതിവ് പോലെ ഭാര്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മനീഷ്. സംസാരത്തിനിടെ പെട്ടന്ന് ഫോൺ കട്ടായി.  

പെരുമ്പാവൂർ: കൊച്ചിയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു–35) മരിച്ചത്. വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കിണറ്റിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9നായിരുന്നു അപകടം നടന്നത്. 

മനീഷിന്‍റെ ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. പതിവ് പോലെ ഭാര്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മനീഷ്. സംസാരത്തിനിടെ പെട്ടന്ന് ഫോൺ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്നു ഭാര്യ അയൽവാസികളെ വിവരം അറിയിച്ചു. പരിസരവാസികളെത്തി നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. 
ആലുവ - കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ. മകൾ: ആയില്യ.

Read More :  കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, പിന്നാലെ വിട്ടയച്ചു

അതിനിടെ മണ്ണാർക്കാട് തിരുവിഴാംകുന്ന് കാപ്പ്പറമ്പിൽ തെങ്ങിൽ കയറിയ യുവാവ് ഷോക്കേറ്റ് വീണ് മരിച്ചു. കാപ്പുപറമ്പ് ചാച്ചിപ്പാടൻ അസ്കറാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടുവളപ്പിലെ തെങ്ങിൽ നിന്ന് തേങ്ങിയിടാൻ കയറിയതായിരുന്നു. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അസ്കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.