മാന്നാർ: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നിരണം സെൻട്രൽ തെക്കേ പഴങ്ങേരിൽ പി സി ഫിലിപ്പിന്റെ മകൻ മോൻസി (34)ആണ് മരിച്ചത്. നിരണം കണിയാംകണ്ടത്തിൽ ബിനു (36) നിരണം തെക്കേ പഴങ്ങേരിൽ രാജു (47), നിരണം മൂക്കോട്ടിൽ ജോമോൻ (പൊന്നൂസ് )(34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11.30 ഓടെ മാന്നാർ പുത്തൻപള്ളിക്ക് മുൻവശം റോഡിൽ അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം തെറ്റി എതിർവശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ തകർന്നു. നാട്ടുകാർ കാറിന്‍റെ ഇടതു വശത്തെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മോൻസി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.