ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ചേര്‍ത്തല: ചേർത്തലയിൽ ഗൃഹനാഥന്‍ പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു (70) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലായിരുന്നു നടുക്കുന്ന സംഭവം. ഉച്ചക്ക് കിടക്കാനായി കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുമ്പോള്‍ കാലില്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം കഴിഞ്ഞു. ഭാര്യ: രേണുക. മക്കള്‍: സ്‌മേര, സ്മിത, കണ്ണന്‍.
തൃശൂരിൽ പാമ്പ് കടിയേറ്റ് 6 വയസുകാരിക്ക് ദാരുണാന്ത്യം
അതിനിടെ തൃശൂരിൽ നിന്നും കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു വാർത്ത പാമ്പ് കടിയേറ്റ് 6 വയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. മുത്തച്ഛനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന അനാമിക എന്ന പെൺകുട്ടിയാണ് പാമ്പിന്‍റെ കടിയേറ്റ് മരണപ്പെട്ടത്. തളിക്കുളം പത്താംകല്ല് സി എം എസ് യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. ഇടശ്ശേരി സി എസ് എം സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്ക് താമസിക്കുകയായിരുന്നു അനാമികയും കുടുംബവും. കൂലിപ്പണിക്കാരനായ നന്ദുവും ഭാര്യ ലക്ഷ്മിയും അനാമികയടക്കം മൂന്ന് മക്കൾക്കൊപ്പം താമസിച്ച ഷീറ്റ് വിരിച്ച ഷെഡ് വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കണ്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു. എന്നാൽ പ്രദേശത്ത് കൂടുതൽ പാമ്പുകളുണ്ടാകുമെന്ന് ഇവർ സംശയിച്ചില്ല. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാകാം അനാമികയെ പാമ്പ് കടിച്ചതെന്നാണ് സംശയം.
കാഞ്ഞിരക്കോട് വീടിന്‍റെ ഉമ്മറപ്പടിക്കടുത്ത് മലമ്പാമ്പ്
അതിനിടെ കാഞ്ഞിരക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീട്ടുമുറ്റത്ത്, ഉമ്മറപ്പടിക്ക് സമീപം എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി എന്നതാണ്. മലമ്പാമ്പ് ചുരുണ്ടുകൂടി കിടന്നത് ആദ്യം കണ്ടത് അതുവഴി നടന്നുപയോ നാട്ടുകാരിൽ ചിലരാണ്. കാഞ്ഞിരക്കോട് മോസ്കോ കരുവള്ളിയിലെ ആനന്ദിനോട് അവര്‍ കാര്യം പറഞ്ഞു. പാമ്പിന്റെ വലിപ്പം കണ്ട് സ്ത്രീകൾ അടക്കമുള്ളവര്‍ ഇത്തിരി പേടിച്ചു. വീടിൻ്റെ പ്രധാന വാതിലിന് തൊട്ടടുത്ത്, ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. ഉടൻ തന്നെ ആനന്ദനും നാട്ടുകാരും ചേർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പിടികൂടിയത്.


