നാട്ടിലെ ജനങ്ങൾക്ക് സൗകര്യമാകുന്ന രീതിയിൽ കെട്ടിടം നിർമ്മിക്കാൻ സമ്മതമാണെങ്കിൽ തന്റെ 18 സെന്റ് വിട്ടുതരാൻ തയ്യാറാണെന്ന് അദ്ദേഹം ചൊവ്വന്നൂർ പഞ്ചായത്തിലെ 12-ാം വാർഡ് മെംബർ അജിത വിശാലിനെ അറിയിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എഫ്ബി കുറിപ്പിൽ അറിയിച്ചു.

തൃശൂർ: നാട്ടിലെ ജനങ്ങൾക്ക് ​ഗുണമുണ്ടാകുന്ന തരത്തിൽ കെട്ടിടം നിർമ്മിക്കാനായി സേവാഭാരതിക്ക് 18 സെന്റ് ഭൂമി ദാനമായി നൽകി വയോധികൻ. തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശി 75 കാരനായ ചേറു അപ്പാപ്പനാണ് തന്റെ ഭൂമി സേവാ കേന്ദ്രം നിർമ്മിക്കാനായി സേവാഭാരതിക്ക് പതിച്ചു നൽകിയത്. നാട്ടിലെ ജനങ്ങൾക്ക് സൗകര്യമാകുന്ന രീതിയിൽ കെട്ടിടം നിർമ്മിക്കാൻ സമ്മതമാണെങ്കിൽ തന്റെ 18 സെന്റ് വിട്ടുതരാൻ തയ്യാറാണെന്ന് അദ്ദേഹം ചൊവ്വന്നൂർ പഞ്ചായത്തിലെ 12-ാം വാർഡ് മെംബർ അജിത വിശാലിനെ അറിയിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എഫ്ബി കുറിപ്പിൽ അറിയിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഭൂമി ദാനമായി നൽകുകയും ചെയ്തു. സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ വിളിച്ച് ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ചൊവ്വന്നൂർ പഞ്ചായത്തിലെ അംഗം അജിത വിശാൽ പറഞ്ഞതായി സുരേന്ദ്രൻ കുറിച്ചു. നൽകുന്ന വസ്തുവിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഒരു സേവന കേന്ദ്രം ആരംഭിക്കാനും ചേറു നിർദ്ദേശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചേറു അപ്പാപ്പനും മകൻ വർഗ്ഗീസും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി വസ്തു കൈമാറുകയായിരുന്നു.

ചേറു അപ്പാപ്പന്റെ മകനും അദ്ധ്യാപകനുമായ വർഗ്ഗീസ്‌ പി സി ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂർ ജില്ലാ ഭാരവാഹി കൂടിയാണ്‌. വാഹനങ്ങളിൽ യാത്ര ചെയ്യാത്ത അപ്പച്ചൻ ഈ പ്രായത്തിലും കൃഷി ചെയ്യുമെന്നും രജിസ്ട്രേഷൻ ചെയ്യാൻ മൂന്ന് കിലോമീറ്റർ ദൂരം 75 വയസുകാരൻ നടന്നാണ് വന്നതെന്നും അജിത വിശാൽ പറഞ്ഞു. മുറിച്ച്‌ വിറ്റാൽ അരക്കോടിക്ക്‌ മുകളിൽ കിട്ടുന്ന ഭൂമി സേവാഭാരതിക്ക്‌ സൗജന്യമായി രജിസ്റ്റർ ചെയ്ത്‌ തന്നിട്ട്‌ പുഞ്ചിരിച്ചുകൊണ്ട്‌ ഒരു കുട പോലും ചൂടാതെ ഈ വേനലിൽ ആ മനുഷ്യൻ നടന്ന് പോകുന്നത്‌ കണ്ട്‌ കണ്ണ്‌ നിറഞ്ഞുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. 

സന്തോഷത്തോടെ രാജമല വിളിക്കുന്നു! പിറന്നത് 115 വരയാ‌ടിൻ കുഞ്ഞുങ്ങൾ, സഞ്ചാരികൾക്ക് നാളെ മുതൽ പ്രവേശനം