ഒരേക്കറിലെ ആറുമാസത്തെ അധ്വാനഫലത്തിന്‍റെ ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച 400 കിലോ കപ്പ സൌജന്യമായി നാട്ടുകാര്‍ക്ക് നല്‍കിയാണ് കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷ് കൊവിഡ് കാലത്തെ അതിജീവന മാതൃകയുമായി മുന്‍പോട്ട് വന്നിട്ടുള്ളത്

എറിയാട്:കൊവിഡ് രൂക്ഷമായ സമയത്തെ വിളവെടുപ്പ് നാട്ടുകാര്‍ക്ക് വിതരണം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി. ഒരേക്കറിലെ ആറുമാസത്തെ അധ്വാനഫലത്തിന്‍റെ ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച 400 കിലോ കപ്പ സൌജന്യമായി നാട്ടുകാര്‍ക്ക് നല്‍കിയാണ് കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷ് കൊവിഡ് കാലത്തെ അതിജീവന മാതൃകയുമായി മുന്‍പോട്ട് വന്നിട്ടുള്ളത്. ചുറ്റുമുള്ളവര്‍ക്ക് കഷ്ടപ്പെടുമ്പോള്‍ തന്നാല്‍ കഴിയുന്ന സഹായം എന്ന നിലയ്ക്കാണ് കപ്പ നല്‍കിയതെന്ന് സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

സാധാരണക്കാര്‍ നിരവധി താമസിക്കുന്ന ഇവിടെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച സ്ഥലം കൂടിയാണ്. തനിക്ക് ചുറ്റുമുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നത് ബോധ്യമായതോടെയാണ് ആദ്യ വിളവ് നാട്ടുകാര്‍ക്ക് സൌജന്യമായി നല്‍കാന്‍ സുരേഷ് മുന്നോട്ട് വന്നത്. വാര്‍ഡ് മെമ്പര്‍ തമ്പി ഇ കണ്ണനോട് സുരേഷ് തന്നെയാണ് വിവരം പറഞ്ഞത്. തുടര്‍ന്ന് പറിച്ചുകൂട്ടിയ കപ്പ എറിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്നു.

ലോക്ഡൌണും കൊവിഡും മൂലം ഉപജീവനമാര്‍ഗങ്ങള്‍ അടഞ്ഞ നിലയിലായിരുന്നു പ്രദേശവാസികളും. സുരേഷിന്‍റെ സന്മനസ്സിന് മികച്ച പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നത്. വാര്‍ഡ് മെമ്പറും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് കപ്പ കിറ്റുകളിലാക്കിയാണ് പ്രദേശവാസികള്‍ക്ക് നല്‍കിയത്. ഉപജീവന മാര്‍ഗ്ഗമായി കപ്പകൃഷിയില്‍ നിന്നും ലാഭം നോക്കാതെയാണ് സുരേഷിന്‍റെ നടപടി. മുഴുവന്‍ കപ്പ വിളവെടുത്തിട്ടില്ലെന്നും ആദ്യ വിളവാണ് ഇത്തരത്തില്‍ നല്‍കിയതെന്നുമാണ് സുരേഷ് സംഭവത്തേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona