ചാരുംമൂട്: റോഡരികിലെ ചാലില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു. ചുനക്കര കരിമുളയ്ക്കൽ വിശ്വഭവനത്തിൽ വിശ്വനാഥനെ (48)യാണ് വെട്ടിക്കോട്ടുച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച  രാവിലെ 6മണിക്ക് കെപി റോഡുവഴി നടന്നു പോയ വഴിയാത്രക്കാരാണ് വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളേയും നൂറനാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.

പ്ലംബിംങ് ജോലിക്കാരനും പ്രദേശവാസിയുമായ വിശ്വനാഥന്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വെട്ടിക്കോട്ടു ശ്രീനാഗരാജ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതായി നിരീക്ഷണ ക്യാമറകളിൽ വ്യക്തമാണ്. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങും വഴി അബദ്ധത്തിൽ കാൽവഴുതി ചാലിലെ വെള്ളക്കെട്ടിലേക്ക് വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശവാസികളുടെ സഹായത്തോടുകൂടിയാണ് മൃതദേഹം കരയിലെത്തിച്ചത്. തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തില്‍ നൂറനാട് പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു.