യുവതി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഒരാള്‍ പള്‍സര്‍ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നതായി ഇവര്‍ പറഞ്ഞു. വീട്ടിലേക്ക് കയറിയപ്പോള്‍ അല്‍പം മുന്നോട്ടുപോയ ഇയാള്‍ പിന്നീട് തിരികെ വരികയായിരുന്നു.

മലപ്പുറം: മലപ്പുറത്ത് യുവതിയെ മര്‍ദിച്ച് അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍ വലിയപറമ്പിനു സമീപം ഉണ്യത്തിപറമ്പിൽ പി.എൻ. അർഷാദിന്റെ ഭാര്യ മനീഷ പർവിനെ(27) യാണ് മോഷ്ടാവ് മർദിച്ച് അവശയാക്കി മാലയും പാദസരവും കവർന്നത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്കുവരുന്ന വഴി ബൈക്കിൽ പിൻതുടർന്ന് വീട്ടിലെത്തുകയും തുടര്‍ന്ന് മർദിച്ച് അവശയാക്കി ശരീരത്തിൽ ധരിച്ചിരുന്ന മാലയും പാദസരവും കവരുകയുമായിരുന്നു. 

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണു സംഭവം. കൊണ്ടോട്ടിയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ പൾസർ ബൈക്കിൽ കറുപ്പ് ഷർട്ടിട്ട ഒരാൾ പിൻതുടർന്നതായി മനീഷ പറഞ്ഞു. വീട്ടിലേക്കു കയറിയപ്പോൾ ഇയാൾ അൽപ്പം മുന്നോട്ടുപോയി തിരിച്ചുവന്ന് സലഫി കോളേജ് എവിടെയെന്നു ചോദിച്ച് വീട്ടിലെത്തുകയും വാതിൽ തുറന്നപ്പോൾ മനീഷയെ ആക്രമിച്ച് തള്ളിയിടുകയും കഴുത്ത് ഞെരിച്ച ശേഷം മാലയും പാദസരവും കവർന്നു സ്ഥലം വിടുകയുമായിരുന്നു.

കൊണ്ടോട്ടി പതിനേഴാം മൈൽ മുതൽ ഇയാൾ പിൻതുടർന്നതായി യുവതി പറയുന്നു. താടിവെച്ച് കറുത്ത ഷർട്ടിട്ട ഇയാൾ മാസ്‌കും ധരിച്ചിരുന്നു. മനീഷ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. മോഷ്ടാവിന്റെ അക്രമണത്തിൽ ബോധം നഷ്ടപ്പെട്ട മനീഷ അൽപ്പം കഴിഞ്ഞ് സമീപത്തെ തറവാട്ടുവീട്ടിലേക്ക് ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റ മനീഷയെ വീട്ടുകാരെത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read also:  'കണ്ടിട്ടും മിണ്ടിയില്ല'; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ച് യുവാവ്, പൊക്കി പൊലീസ്

അതേസമയം തൃശൂരില്‍ ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച പ്രതികള്‍ പിടിയിലായി. വടക്കാഞ്ചേരി കല്ലമ്പാറ സ്വദേശി അനുരാഗ് (23), കൊല്ലം കരിക്കോട് ചാത്തനാകുളം സ്വദേശി മുഹമ്മദ് സാജുദ്ദീന്‍ (30) എന്നിവരാണ് പിടിയിലായത്. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയ കേസിലാണ് ഇവര്‍ പിടിയിലായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പൂരിലാണ് സംഭവം.

പാമ്പൂര്‍ സ്വദേശി നിസാറുദ്ദീന്‍ എന്നയാള്‍ വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന യമഹ ബൈക്ക് പ്രതികള്‍ സെപ്തംബര്‍ 11ന് രാത്രിയാണ് മോഷ്ടിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂര്‍ പൊലീസ് നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചു. സമാന രീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെ കുറിച്ച് അന്വേഷണം നടത്തി. ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികളും കൂട്ടാളികളും മലപ്പുറത്തെ ചേളാരിയിലുണ്ടെന്ന് മനസിലാക്കി. അവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികള്‍ പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് അതിസാഹസികമായി അവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....