സ്ഥിരമായി മദ്യപ സംഘങ്ങളും സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്ന പ്രദേശത്താണ് ഉഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളുമാനൂർ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹത്തിൽ നാളെ പോസ്റ്റുമോർട്ടം പരിശോധന നടത്തും. അതിന് ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. സ്ഥിരമായി മദ്യപ സംഘങ്ങളും സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്ന പ്രദേശത്താണ് ഉഷാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മദ്യക്കുപ്പികൾ അടക്കമുള്ളവ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം ആലുവയിൽ മറ്റൊരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആലുവ റെയിൽവെ സ്റ്റേഷന് സമീപത്ത് ഒരാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആലുവ അശോകപുരം സ്വദേശി മാന്വൽ എന്ന 85കാരനാണ് മരിച്ചത്. ആലുവയ്ക്ക് അടുത്ത് പുളിഞ്ചോടിന് സമീപം മറ്റൊരാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല. ഇയാളുടെ ഒരു കാൽ മുറിഞ്ഞുപോയി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ആലപ്പുഴയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിക്കടിയിൽ പെട്ട് മരിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ പുറകിലിടിച്ചാണ് മരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
