ആദ്യം രകതം ഛർദിക്കുന്നു എന്നാണ് ഇവർ കരുതിയത്. എന്നാൽ കഴുത്തിൽ മുറിഞ്ഞ പാടും വരാന്തയിൽ കത്തിയും കണ്ടതോടെ ഗ്രേസി അയൽവാസികളെ വിളിച്ചു വരുത്തുകയായിരുന്നു

കാസര്‍കോഡ‍്: വീട്ടുമുറ്റത്ത് ഗൃഹനാഥന്‍റെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാൽ നർക്കിലാക്കട്ടെ പാറയ്ക്കൽ വർഗ്ഗീസ് (കുഞ്ഞച്ചന്‍ 65)നെയാണ് വീടിന്‍റെ മുന്നിലുള്ള നടപ്പടിയില്‍ വച്ച് കറിക്കത്തികൊണ്ട് കഴുത്തറത്ത നിലയില്‍ കണ്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

ചോരയില്‍ കുളിച്ച് നിന്ന വര്‍ഗീസിനെ ഭാര്യ ഗ്രേസി കണ്ടതോടെ അയൽവാസികളും നാട്ടുകാരും വെള്ളരിക്കുണ്ട് ആശുപത്രി, കാഞ്ഞങ്ങാട് ആശുപത്രി എന്നിവടങ്ങളില്‍ എത്തിച്ചു. എങ്കിലും, സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ വര്‍ഗീസിനെ രക്ഷിക്കാനായില്ല.

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചിറ്റാരിക്കാൽ പോലീസും കാസർകോട് നിന്ന് ഡോഗ് സ്‌കോഡും സ്ഥലത്തെത്തി. മൃതദേഹം വിദഗ്‌ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചുമട്ടു തൊഴിലാളി കൂടിയായ വര്‍ഗീസിന്‍റെ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോട് കൂടിയാണ് വർഗീസിന്‍റെ ബന്ധുക്കൾ മരണ വിവരം പൊലീസിനെ അറിയിച്ചത്. രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയിൽ നിന്ന് മൂത്രമൊഴിക്കുവാനായി പുറത്തിറങ്ങിയ വർഗീസ് തിരിച്ചു വരാത്തതിരുന്നതോടെ ഭാര്യ ഗ്രേസി നോക്കാനായി പുറത്തേക്കിറങ്ങി.

വീടിന്‍റെ പടിയിൽ ദേഹമാസകലം രക്തം ഒലിപ്പിച്ച് നിൽക്കുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ആദ്യം രകതം ഛർദിക്കുന്നു എന്നാണ് ഇവർ കരുതിയത്. എന്നാൽ കഴുത്തിൽ മുറിഞ്ഞ പാടും വരാന്തയിൽ കത്തിയും കണ്ടതോടെ ഗ്രേസി അയൽവാസികളെ വിളിച്ചു വരുത്തുകയായിരുന്നു.

ജീവന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് സർജന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിലെ ദുരൂഹതയെ കുറിച്ച് പറയാൻ സാധിക്കുകയുള്ളുവെന്നും കേസന്വേഷിക്കുന്ന ചിറ്റാരിക്കാൽ എസ്.ഐ .രഞ്ജിത് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ വർഗീസ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന സംശയവുമുണ്ടെന്ന് പൊലീസ് പറയുന്നു. കഴുത്തു മുറിക്കാൻ ഉപയോഗിച്ചതായി കരുതുന്ന കറി കത്തി സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് നായയും വീടും മുറിയും വിട്ട് പുറത്തേക്കു ഓടിയിരുന്നില്ല. ഇതാണ് പൊലീസിന്റെ സംശയത്തിന് കാരണമെന്നും ചിറ്റാരിക്കാൽ എസ്.ഐ. പറഞ്ഞു.