മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്യാരംസ് കളിക്കുന്നതിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. 

കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്‍റെ തലയ്ക്കടിച്ച യുവാവ് പോലീസിന്‍റെ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥും കൂട്ടുകാരും മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ ക്യാരംസ് കളിക്കുകയായിരുന്നു. കളിക്കിടയിൽ ക്യാരംസ് കോയിന്‍ പുറത്തു പോയത് ഇഷ്ടപ്പെടാഞ്ഞ ശ്രീക്കുട്ടന്‍ ശ്രീനാഥിനെ ചീത്ത വിളിച്ചു. കളി നിര്‍ത്തി മാറിയിരുന്ന ശ്രീനാഥിനെ ശ്രീക്കുട്ടന്‍ തന്‍റെ സ്കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് മുഖത്ത് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. 

ശ്രീനാഥ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിഹാസ്, ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ ജോയി, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...