ചാരുംമൂട്: നൂറനാട്  പുലിമേലിൽ വയോധികനായ ഗൃഹനാഥനെ അയൽവാസിയായ യുവാവ് പട്ടാപ്പകൽ  വീട്ടിലെത്തി കഴുത്തറുത്ത് കൊന്നു. ഭവത്തിനിടെ വെട്ടേറ്റ ഭാര്യ ആശുപത്രിയിൽ. പ്രതിയെ തേടിയെത്തിയ പൊലീസിനെ ഇയാൾ വീട്ടിൽ വച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്. 

നൂറനാട് പഞ്ചായത്ത് പുലിമേൽ കാഞ്ഞിരവിളയിൽ ഭാസ്കരൻ (73) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തമ്മ (66) സാരമായ പരിക്കുകളോടെ ഇടപ്പോണുള്ള ജോസ് കോ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പുലിമേൽ തുണ്ടിൽ ശ്യാം സുന്ദർ (24) നെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

അടുക്കളമുറ്റത്ത് ചക്കവെട്ടുകയായിരുന്ന ഭാര്യ ശാന്തമ്മയുടെ അടുത്തായി അലക്കുകല്ലിനോട് ചേർന്നിരിക്കുകയായിരുന്നു ഭാസ്കരൻ. ഈ സമയം നൂറു മീറ്റർ മാത്രം അകലമുള്ള വീട്ടിൽ നിന്നുമാണ് പ്രതി ചാടി വന്നത്. ശാന്തമ്മയുടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഇയാൾ പിടിച്ചു വാങ്ങി. അലക്കുകല്ലിൽ കയറിനിന്ന ശേഷം ഭാസ്കരനെ അക്രമിക്കുകയും കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കത്തി പിടിച്ചുവാങ്ങി, തോർത്ത് കൊണ്ട് കഴുത്ത് ‍ഞെരിച്ച്, അറുത്ത് കൊന്നുവെന്നും ചോരവാര്‍ന്നാണ് മരിച്ചതെന്നും ഭാസ്കരന്‍റെ ഭാര്യ പറഞ്ഞു.

രക്ഷിക്കാൻ ചെന്ന ശാമ്മയെ വെട്ടുകത്തിയ്ക്ക് വെട്ടിയ ശേഷമാണ് പ്രതി കടന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മരുമകൾ ജയപ്രഭ ഓടിവന്ന് നിലവിളിച്ചതോടെ പരിസരവാസികളും ഓടിക്കൂടി. വിവരമറിത്തെത്തിയ നൂറനാട് പൊലീസ് ഭാസ്കരനെ ആശുപത്രയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു.  പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് സ്റ്റേഷൻ ഓഫീസർ വി.ബിജുവും സംഘവും എത്തിയെങ്കിലും ഇയാൾ പോലീസിനെ അക്രമിക്കാൻ ശ്രമിച്ചു. 

നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ആർ ബിനുവും സംഭവസ്ഥലത്തെത്തി. ആലപ്പുഴ നിന്നും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി. മദ്യവും മയക്കുമരുന്നുകളും  ഉപയോഗിക്കുന്ന പ്രതി സ്ത്രീകളെയും, കുട്ടികളെയും ശല്യം ചെയ്യുന്നത് സംബന്ധിച്ച് പരാതി നൽകുമെന്ന് ഭാസ്കരൻ പറഞ്ഞിരുന്നു. 

ഇതാകാം കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. മൂന്നു മാസം മുമ്പ് സമീപമുള്ള വീട്ടിലെ ഒന്നര വയസുള്ള കുട്ടിയുടെ കഴുത്തിൽ കത്തി വച്ച് വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും അക്രമത്തിനു മുതിരുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു.