Asianet News MalayalamAsianet News Malayalam

വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; യുവാവ് ജ്യേഷ്ഠനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നു

അർബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോൾസൻ, അച്ഛനുമായും അനുജനുമായും തർക്കംപതിവായിരുന്നു. 

Man killed his brother using an air gun in kochi during a fight on parking bike in their house afe
Author
First Published Sep 30, 2023, 5:54 AM IST

കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നു. ഹൈക്കോടതി ജീവനക്കാരനായ തോമസ്, എയർഗണ്‍ ഉപോയോഗിച്ചാണ് ജ്യേഷ്ഠൻ പോൾസനെ കൊലപ്പെടുത്തിയത്. വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്.

ആലുവ എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ വൃദ്ധനായ ജോസഫിനൊപ്പം മുതിർന്ന രണ്ട് ആണ്‍മക്കളാണ് താമസിച്ചുവന്നിരുന്നത്. മൂത്തയാളായ പോൾസൻ ഇലക്ട്രീഷ്യനും, ഇളയവൻ തോമസ് ഹൈക്കോടതിയിൽ സെക്ഷൻ ഓഫീസറുമാണ്. അർബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോൾസൻ അച്ഛനുമായും അനുജനുമായും തർക്കംപതിവായിരുന്നു. ഇന്നലെയും പ്രശ്നം ഉണ്ടായി. തുടര്‍ന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊലപാതകത്തിന് ശേഷം തോമസ് തന്നെ പൊലീസിനെ വിളിച്ചു. എയർഗണ്‍ കൈമാറി കുറ്റം ഏറ്റു. വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികളും പറഞ്ഞു. ഇവരുടെ സഹോദരിയും തൊട്ടടുത്തായിരുന്നു താമസം.
 

അതേസമയം സംസ്ഥാനത്ത് എയർഗൺ ആക്രമണങ്ങള്‍ വർധിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഈ വർഷം മാത്രം ആറ് ആക്രമണങ്ങളാണ് ഉണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.  ഒരു വർഷത്തിനിടെ സംസ്ഥാനത്ത് എയർഗണ്ണുകളുടെ വിൽപനയിലും വൻ വ‌ർദ്ധനവ് ഉണ്ടായി.

മേയ് 30നാണ് ഈ വര്‍ഷത്തെ ആദ്യ എയർഗൺ ആക്രമണം റിപ്പോർട്ട്ചെയ്തത്. ആലപ്പുഴ ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലിൽ രഞ്ജിത്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്. ജൂലൈ 29ന്, വയനാട് കമ്പളക്കാട് ചൂരത്തൊട്ടിയിൽ എയര്‍ഗണ്ണുപയോഗിച്ച് മൂന്നുപേരെ വെടിവച്ച ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മലങ്കര പണിയ കോളനിയിലെ യുവാവിനു നേരെ ബിജു വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേർക്കു നേരെയും പ്രതി വെടിയുതിർത്തു. മാനസിക പ്രശ്നങ്ങളുള്ള ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.

ഓഗസ്റ്റ് 27ന്, മലപ്പുറം പൊന്നാനി പെരുമ്പടപ്പില്‍ സുഹൃത്തിന്റെ എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ആമയം സ്വദേശി ഷാഫി കൊല്ലപ്പെട്ടു. സുഹൃത്തായ സജീവൻ എയര്‍ഗണ്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കുന്നതിനടെ അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28ന്, ആലപ്പുഴ പള്ളിപ്പാട് വിമുക്തഭടൻ, ബന്ധുവിനെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച് കൊന്നു. കുടുംബ തർക്കങ്ങളായിരുന്നു കാരണം.

ഒരു മാസം തികയും മുന്പ് സെപ്റ്റംബര്‍ 18ന് കണ്ണൂര്‍ പാനൂരില്‍ മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവ് സ്വന്തം മകനെ വെടിവെച്ചു. വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച എയർഗണ്ണാണ് വില്ലനായത്. പരിക്കേറ്റെങ്കിലും മകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പത്തു ദിവസങ്ങള്‍ക്കിപ്പുറമാണ് ഇന്ന് ആലുവയിൽ സ്വന്തം സഹോദരനെ ഹൈക്കോടതി ജീവനക്കാരൻ കൊലപ്പെടുത്തിയത്. 2022ലും അഞ്ചിലേറെ എയ‍ർഗൺ ആക്രമണങ്ങളുണ്ടായി.
 

Read also: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയ യുവാവിന് 91 വര്‍ഷം കഠിന തടവ്

Follow Us:
Download App:
  • android
  • ios