സുഹൃത്തും തീർത്ഥപ്പന്റെ ബന്ധുവുമായ അലോഷ്യസിന്റെ (49) അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മത്സ്യ തൊഴിലാളി ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസിൽ തീർഥപ്പൻ (57) മരിച്ച കേസിൽ സുഹൃത്ത് കീഴടങ്ങി.
സുഹൃത്തും തീർത്ഥപ്പന്റെ ബന്ധുവുമായ അലോഷ്യസിന്റെ (49) അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ജൂലൈ 28ന് രാത്രിയാണ് സംഭവമുണ്ടായത്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതി അസഭ്യം പറഞ്ഞത് വിലക്കിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഉന്തുംതള്ളും നടന്നുവെന്നും തള്ളി താഴെയിട്ട് തല തറയിലടിച്ചു തീർഥപ്പന് പരുക്കേറ്റുവെന്നും പൊലീസ് പറഞ്ഞു.
പിറ്റേന്ന് അവശനായി കണ്ടതോടെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഐസിയുവിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം പുലർച്ചെ മരണം സംഭവിച്ചു. കൊലപാതകത്തിനാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


