അന്വേഷണത്തിന്റെ ഭാഗമായി കടലാര്‍ ഈസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു...

ഇടുക്കി: മൂന്നാർ കടലാർ എസ്റ്റേറ്റിൽ നിന്ന് കാണാതായ ധനശേഖർ എവിടെയെന്ന ചോദ്യത്തിനിനിയും ഉത്തരമില്ലാതെ പൊലീസ്. തമിഴ്നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ധനശേഖറിനെ കണ്ടെത്തുവാൻ പൊലീസിന് സാധിച്ചിട്ടില്ല. ധനശേഖർ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കുടുംബവും നിറകണ്ണുകളോടെ കാത്തിരിക്കുകയാണ്. കണതായ ധനശേഖറിനെ സംബന്ധിച്ച് പൊലീസിന് ഇനിയും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായി മുമ്പോട്ട് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കടലാര്‍ ഈസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. അഞ്ചംഗ പൊലീസ് സംഘത്തെയും അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. ഏപ്രിൽ ഇരുപതിനായിരുന്നു തോട്ടത്തിലെ ജോലിക്കിടയില്‍ ധനശേഖറിനെ കാണാതായത്. ഇയാളെ പുലി പിടിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

അടുത്ത ബന്ധുക്കളേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളേയും പൊലീസ് ഒരാഴ്ചക്കിടയില്‍ ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കടലാര്‍ എസ്‌റ്റേറില്‍ ഉണ്ടായ കീടനാശിനി മോഷണവുമായി ബന്ധപ്പെട്ടാണോ ധനശേഖറിന്റെ തിരോധാനമെന്ന കാര്യത്തില്‍ പൊലീസിന് സംശയം നിലനില്‍ക്കുന്നു.