കൊല്ലത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റിന് മുന്നില്‍ തിരക്കേറുന്ന സമയത്തായിരുന്നു യുവാവിന്റെ തട്ടിപ്പുകള്‍. മദ്യം കിട്ടിയവര്‍ കാര്യം അറിയുന്നത് പിന്നീടായിരിക്കുമെന്ന് മാത്രം.

കൊല്ലം: കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോള നിറച്ച് നല്‍കിയായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര സ്വദേശി സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്. രാത്രിയിലും തിരക്കേറിയ മറ്റ് സമയങ്ങളിലും വിദഗ്ധമായാണ് മദ്യപാനികളെ ഇയാൾ പറ്റിച്ചിരുന്നത്. 

ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റിലും ബാറിലുമെല്ലാം മദ്യം വാങ്ങാൻ വരുന്നവരായിരുന്നു ലക്ഷ്യം. തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് ഇയാൾ ആളുകളെ സമീപിക്കും. ശേഷം കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റില്‍ വലിയ തിരക്കുള്ള സമയത്തും രാത്രി ഔട്ട്‍ലെറ്റ് അടയ്ക്കാറായ സമയത്തുമൊക്കെയായി ഇയാൾ ഇത്തരത്തിൽ നിരവധിപ്പേരം പറ്റിച്ചിരുന്നതായാണ് വിവരം.

മദ്യം വാങ്ങിയവർ അത് കൊണ്ടുപോയി കുടിച്ചു നോക്കുമ്പോള്‍ മാത്രമാണ് പറ്റിക്കപ്പെട്ട വിവരം അറിയുക. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളുകളുടെ നിരവധി പരാതികൾ ബിവറേജസ് ഔട്ട്‍ലെറ്റ് മാനേജർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് പിന്നെയും ആളുകളെ പറ്റിക്കാൻ നിൽക്കുന്ന സമയത്ത് ഇയാളെ നാട്ടുകാരും ബിവറേജസ് ഔട്ട്‍ലെറ്റിലെ ജീവനക്കാരും കൂടി പിടികൂടുകയായിരുന്നു. ആരും പരാതി നല്‍കാത്തതിനാൽ പ്രതിയെ പിന്നീട് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

Read also:  'ലോറിയിൽ തടി കയറ്റവേ നോക്കുകൂലി ചോദിച്ചു, തരില്ലെന്ന് പറഞ്ഞതോടെ മർദ്ദിച്ചു'; പരാതി, കേസെടുത്ത് പൊലീസ്

അതേസമയം ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. രണ്ട് വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്‍ലെറ്റിൽ ഉള്ളത്. വിജിലൻസ് റെയ്ഡിനിടെ ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മദ്യക്കച്ചവടക്കാരിൽ നിന്ന് മൂന്ന് ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ വിജിലൻസിന് ലഭിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകൾ പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...