മറച്ചുപിടിച്ച നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മാനന്തവാടി: പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോയ യുവാവിനെ പിടികൂടി. പള്ളിക്കുന്ന് സ്വദേശി യദു സൈമണ്‍ (27) ആണ് തിരുനെല്ലി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം തിരുനെല്ലിക്കടുത്ത് ബാവലിയിലാണ് സംഭവം.

നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി അതിര്‍ത്തിയോട് ചേര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസും എക്‌സൈസും. ഈ സമയത്താണ് യദുവും കൂട്ടുകാരനും ഇതുവഴി വന്നത്. ആദ്യം പൊലീസ് പരിശോധന നടത്തുന്നിടത്താണ് ഇവര്‍ എത്തിയത്. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ബൈക്ക് സ്പീഡ് കൂട്ടി ഓടിച്ചുപോയി. തൊട്ട് അപ്പുറത്തെ എക്‌സൈസ് ചെക്കിങ് പോയിന്‍റിലും യദു സൈമണും കൂട്ടുകാരനും ഇരുചക്ര വാഹനം നിര്‍ത്തിയില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ കാണാതിരിക്കാനായി പിറകിലിരുന്നയാള്‍ നമ്പര്‍ പ്ലേറ്റ് മറച്ചു പിടിച്ചാണ് അമിത വേഗത്തില്‍ വാഹനം ഓടിച്ചുപോയത്.

നിര്‍ത്താതെ പോയ ഇരുചക്ര വാഹനം കണ്ടെത്താനും ഓടിച്ചവരെ കണ്ടെത്താനുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. മറച്ചുപിടിച്ച നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ പിടിയിലായ യദു സൈമണ്‍ നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു.