ഓൺലൈൻ ടാക്സി ഓടിക്കാനായി വാടകയ്‌ക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ആലുവ സ്വദേശിയായ ഷാഹിൻ സഫീറിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് പട്ടിമറ്റം സ്വദേശിക്ക് മൂന്നര ലക്ഷം രൂപയ്ക്കാണ് ഇയാൾ കാർ വിറ്റത്. വാടക ലഭിക്കാത്തതിനെ തുടർന്ന് യഥാർത്ഥ ഉടമ കാർ കൊണ്ടുപോയതോടെയാണ് തട്ടിപ്പ് പുറത്തായത്.
കൊച്ചി: കാർ വാടകയ്ക്ക് ഓടിക്കാൻ ആണെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മറിച്ച് വിറ്റ കേസിൽ ഒരാൾ പിടിയിൽ. ആലുവ നേതാജി റോഡിൽ മുള്ളുംപുറത്ത് വീട്ടിൽ ഷാഹിൻ സഫീർ(30)നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയുടെ കാറാണ് ഓൺലൈൻ ടാക്സി ഓടാൻ ആണെന്ന് പറഞ്ഞു ഇയാൾ ദിവസ വാടകയ്ക്ക് എടുത്തത്. തുടർന്ന് പട്ടിമറ്റം സ്വദേശിയെ കബളിപ്പിച്ച് കാർ വിൽക്കുകയായിരുന്നു.
താൻ ബ്രോക്കർ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയാണ് പട്ടിമറ്റം സ്വദേശിക്ക് ഈ കാർ മൂന്നര ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്. വാടക ലഭിക്കാത്തതിനെ തുടർന്ന് കാറിൻ്റെ യഥാർത്ഥ ഉടമസ്ഥൻ പട്ടിമറ്റം സ്വദേശിയിൽ നിന്നും കാർ കൊണ്ടുപോയിരുന്നു. കാർ വാങ്ങിയ ആൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതാണ്. കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ ടി ദിലീഷ്, എസ് ഐ ഇഎം അഭിജിത്ത്, എഎസ്ഐ അബ്ദുൾ റഷീദ്, സിപിഒമാരായ ബിബിൻരാജ് ഒഎസ്, ബേസിൽ മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


