വാഴക്കാട്: ''കളിക്കാരനാവാനായിരുന്നു എന്റെ ആഗ്രഹം, പക്ഷെ ആ കാലത്ത് അവസരങ്ങൾ കുറവായിരുന്നു, പ്രാദേശിക സെവൻസുകളിൽ കളിച്ചാൽ എത്രത്തോളം വളരാൻ കഴിയും..? ഇന്ന് ഒരുപാട് അവസരങ്ങൾ വന്നു, പക്ഷെ ഗ്രൗണ്ടുകൾ ഓരോന്നും എല്ലായിടത്തും ഭൂമാഫിയകൾ കയ്യടക്കുന്ന കാഴ്ചയാണ്. അത് അനുവദിക്കാൻ പാടില്ല, എനിക്ക് കഴിയാതെ പോയത് മക്കൾക്കെങ്കിലും കഴിയണം'' വാഴക്കാട് പഞ്ചായത്ത് ഗ്രൗണ്ടിന്റെ വികസനം ആവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങുന്ന കെ.വി ഔസിന്റെ വാക്കുകളാണിത്. 

മികച്ച കളിക്കാരായി ജനിച്ചിട്ടും ആവശ്യമായ അവസരങ്ങൾ ലഭിക്കാതെ തിരക്കുള്ള ജീവിതത്തിലേക്ക് ചേക്കേറിയവരുടെ വാക്കുകൾ കൂടിയാണിത്. പഴയ സെവൻസ് കളിക്കാരനും ഇപ്പോൾ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഫെഡറേഷൻ കമ്മിറ്റി അംഗവുമാണ് ഔസ്. നാല്പത് വർഷങ്ങൾക്ക് മുമ്പുള്ള ആവശ്യം ഇതുവരെ പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചിട്ടില്ല. നിലവിൽ എഴുപത് സെന്റുള്ള ഗ്രൗണ്ട് നവീകരിക്കാൻ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലവും ആവശ്യമാണ്. 

എന്നാൽ മുപ്പത് സെന്റുള്ള ഈ സ്ഥലം ഏറ്റെടുക്കാൻ പഞ്ചായത്ത് അധികാരികൾക്ക് താൽപ്പര്യമില്ലത്രെ. അനുകൂല നഷ്ടപരിഹാരം നൽകാൻ അധികാരികൾ തയ്യാറാവുന്നുമില്ല. ഇതോടെയാണ് ഗ്രൗണ്ട് നവീകരണം അനിശ്ചിതമായി തുടരുന്നത്. ഇതിൽ പ്രതിഷേധിച്ച് വാഴക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് കെ.വി ഔസും സംഘവും. ഡിസംബർ ഇരുപത്തി ആറ് മുതലാണ് നിരാഹാരം കിടക്കുക. നിരവധി തവണ സമരങ്ങളും മറ്റും നടത്തിയിട്ടും പരിഹാരം കാണാത്തതിനാലാണ് നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്.