ഔട്ട്ലെറ്റിനുള്ളില്‍ ക്യാമറ സൗകര്യങ്ങളും ജീവനക്കാരും കുറവായിരുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ ക്യാമറകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായത്.
കല്‍പ്പറ്റ: നഗരത്തിലെ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി വില കൂടിയ മദ്യക്കുപ്പികള്‍ സ്ഥിരമായി മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വിവിധ ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോള്‍ വില കൂടിയ ചില ബ്രാന്‍ഡ് മദ്യങ്ങള്‍ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇക്കാര്യം പരിശോധിച്ചെങ്കിലും മോഷണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഔട്ട്ലെറ്റിനുള്ളില്‍ ക്യാമറ സൗകര്യങ്ങളും ജീവനക്കാരും കുറവായിരുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ ക്യാമറകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതര്‍ പറഞ്ഞു. പതിവായി ഹെല്‍മറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്.
വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് ശേഷം വിലകുറഞ്ഞ ടിന്‍ ബിയര്‍ വാങ്ങി പണവും നല്‍കി ഔട്ട്‍ലെറ്റില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റ് ധരിച്ച് ഔട്ട്‍ലെറ്റില്‍ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിലാണ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍. അതേസമയം, മംഗലാപുരത്ത് നിന്ന് കവർന്ന ബൈക്കുമായി കാസർഗോഡ് സ്വദേശി കോഴിക്കോട് വച്ച് പൊലീസിന്‍റെ പിടിയിലായി.
മോഷ്ടിച്ച ബൈക്കുമായി കാസർഗോഡ് ചേർക്കളം, പൈക്ക അബ്ദുൾ സുഹൈബി (20) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. പുറകിൽ നമ്പർപ്ലേറ്റ് ഇല്ലാതെ മുൻവശം വ്യാജ നമ്പർ വെച്ച് ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ പൊലീസിനെ കണ്ട് ഉപേക്ഷിച്ച് സുഹൈബ് ഓടുകയായിരുന്നു. പൊലീസ് വാഹനം പരിശോധിച്ചപ്പോൾ നമ്പർ പ്ലെയിറ്റ് വ്യാജമാണെന്ന് മനസ്സിലായി. എൻജിൻ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാർത്ഥ ഉടമയെ കണ്ടെത്തുകയും മംഗലാപുരത്ത് വെച്ച് കളവ് പോയ ബൈക്ക് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
വെള്ളമടിച്ചെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരം തല്ലും; യുവാവിനെ 'പൊക്കി അകത്തിട്ട്' പൊലീസ്
