കോഴിക്കോട്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽനിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച നടത്തുന്ന ഹ്യുണ്ടായ് അനസ് എന്ന അനസ് പിടിയില്‍. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയായ അനസ് ഇപ്പോൾ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ്. പന്തീരങ്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. 

വീടിന്‍റെ ടെറസ് വഴി അകത്ത് കടന്നും ജനൽ വഴിയും മറ്റും കവർച്ച നടത്തുന്ന ഇയാളെ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെയും സബ് ഇൻസ്പെക്ടർ വി.എം. ജയന്റെയും നേതൃത്വത്തിൽ  പന്തീരങ്കാവ് പൊലീസും സിറ്റി സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. ഇതോടെ മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കേസുകൾക്ക് തുമ്പുണ്ടായി. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ  കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ചെന്നുനോക്കുമ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു.

രണ്ടാഴ്ചയ്ക്കുശേഷം അനസ് താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നവരുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ചെയിനും തണ്ടയും  അരഞ്ഞാണവും കവർന്നെടുത്ത്  കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഭീതിയിലായ ജനങ്ങൾ കളവുകൾക്ക് പിന്നിൽ അന്യസംസ്ഥാനക്കാർ ആണെന്ന് സംശയം ഉന്നയിക്കുകയും അപ്രകാരം പൊലീസ്  അന്യസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പരിശോധിക്കുകയുമുണ്ടായി. പുത്തൂർ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നത് പൊലീസിനും ജനങ്ങൾക്കും വലിയ തലവേദനയായിരുന്നു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ മോഷണ രീതിയുള്ള കള്ളന്മാരുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ  അനസിനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ് ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റസമ്മതം നടത്തിയതിന്റെ  അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വർഷങ്ങളായി രാത്രികാലങ്ങളിൽ ഇറങ്ങി നടന്ന് വീടുകളിൽ  ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാൻ അനസിന് പ്രചോദനമായത്. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്റ്റേഷനുകളിലായി  നൂറോളം കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്.

മോഷണമുതലുകൾ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതായി പൊലീസ്  കണ്ടെത്തിയിട്ടുണ്ട്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ  പോലുള്ള  സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒറ്റ നിലയിലുള്ള ടെറസ് ഇട്ടതും അകത്ത് നിന്ന് കോണിപ്പടികൾ ഉള്ളതുമായ വീടുകളുടെ കോണിക്കൂട്  പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ  കാലാവസ്ഥയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്ന വീടുകളുടെ ജനൽ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു മോഷണം നടത്തി വരാറുളളത്. പല വീടുകളിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പൊലീസ് പിടികൂടുവാൻ സാധ്യതയുള്ളതിനാൽ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്.

പെരുമണ്ണ പൊന്നാരിത്താഴം അബ്ദുൽ സലീമിന്റെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തിൽ നിന്ന് സ്വർണ്ണത്തിന്റെ രണ്ട് ചെയിനും 2 ബ്രെയ്സ്ലറ്റും 2 മുത്തുവളകളും  പാറക്കണ്ടത്ത്  മുഹമ്മദലിയുടെ വീട്ടിൽനിന്ന് മൂന്നേമുക്കാൽ പവൻ സ്വർണ്ണവും പാറക്കണ്ടത്ത് ഷിനോജിന്റെ വീട്ടിൽ നിന്ന് 3 പവൻ സ്വർണാഭരണങ്ങളും വെള്ളായിക്കോട് പിലാതോട്ടത്തിൽ ബഷീറിന്റെ വീട്ടിൽനിന്ന് ഒന്നര പവന്റെ മാലയും ഇരിങ്ങല്ലൂർ എളവനമീത്തൽ  പുൽപറമ്പിൽ ഷിജിത്തിന്റെ ഭാര്യയുടെ താലിമാലയും നല്ലളം കയറ്റിയിൽ കൂനാടത്ത് സുമയ്യയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും കവർന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സിറ്റി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ് , മുഹമ്മദ് ഷാഫി.എം,സജി.എം,  ഷാലു.എം, അഖിലേഷ്.കെ, ഹാദിൽ കുന്നുമ്മൽ, നവീൻ.എൻ, ജിനേഷ്.എം പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ മുരളീധരൻ,ഉണ്ണി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.