വാഷ് ബേസിനിൽ മൂത്രമൊഴിച്ചു, തടഞ്ഞതോടെ ഹോട്ടൽ അടിച്ചു തകർത്തു; യുവാക്കൾ കസ്റ്റഡിയിൽ
കാക്കൂർ കുമാരസാമിൽ പ്രവർത്തിക്കുന്ന സുഹറ ഹോട്ടലിൽ പുതിയാപ്പ് സ്വദേശി ശരത്തും കടലൂര്‍ സ്വദേശി രവിയും ഭക്ഷണം കഴിക്കാൻ എത്തി.
കോഴിക്കോട് : കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വാഷ് ബേസിനിൽ യുവാക്കൾ മൂത്രമൊഴിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. അക്രമികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. കാക്കൂർ കുമാരസാമിൽ പ്രവർത്തിക്കുന്ന സുഹറ ഹോട്ടലിൽ പുതിയാപ്പ് സ്വദേശി ശരത്തും കടലൂര്‍ സ്വദേശി രവിയും ഭക്ഷണം കഴിക്കാൻ എത്തി.
കൈ കഴുകാനായി പോയ രവി പെട്ടെന്ന് വാഷ് ബേസിനിൽ മൂത്രമൊഴിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ രവിയെ തടയാൻ ശ്രമിച്ചു. വാഷ് ബേസിൻ കഴുകി തരണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കടുത്ത വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിൽ ശരത്ത് ജീവനക്കാരെ മർദിച്ചു. ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ അക്രമികൾ തലങ്ങും വിലങ്ങും അടിച്ചു. വനിതാ ജീവനക്കാരിൽ ഒരാൾ ഭയം കൊണ്ട് തലകറങ്ങി വീണു. അരിശം തീരാതെ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. ഏതാണ്ട് അരമണിക്കൂർ അക്രമികൾ അഴിഞ്ഞാടി.
സംഭവ സ്ഥലത്ത് എത്തിയ കാക്കൂർ പൊലീസ് ഇർവരെയും കസ്റ്റഡിയിൽ എടുത്തു. ബാലുശേരി ആശുപത്രിയിൽ കൊണ്ട് പോയി മെഡിക്കൽ പരിശോധന പൂർത്തിയാക്കി. ഇരുവരും ലഹരിയിലായിരുന്നുവെന്നാണ് സൂചന.