വിവേചമില്ലാതെ വിജ്ഞാനം എല്ലാവരിലേക്കും എത്തിക്കുന്നതോടെ വർഗീയമായ ചേരിതിരിവൊഴിവാക്കി ലോകസമാധാനം നേടുക എന്നതാണ് ലക്ഷ്യമെന്ന് ഹാരിസ് രാജ് പറയുന്നു.
കൊച്ചി: മതസൗഹാർദത്തിന്റെ സന്ദേശവുമായി ഒരു ഉന്തുവണ്ടി യാത്രയുമായി ഹാരിസ് രാജ്. തന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും മത സൗഹാർദം കാത്തുസൂക്ഷിക്കുന്നതിനുമായി കന്യാകുമാരി മുതൽ കാസർക്കോട് വരെ യാത്ര ചെയ്യുകയാണ് തൃശ്ശൂർ സ്വദേശി ഹാരിസ് രാജ് എന്ന 54 കാരൻ. ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഹാരിസ് രാജ് ആറ് വർഷം മുൻപാണ് നാട്ടിലെത്തിയത്. വിവിധ മതങ്ങളെ അടുത്തറിയാൻ ഭഗവത് ഗീതയും ഖുർ ആനും ബൈബിളുമെല്ലാം ഹൃദ്യസ്ഥമാക്കി.
ഇവയുടെ സാരാംശങ്ങൾ കോർത്തിണക്കി സത്യ വേദ സാരങ്ങൾ എന്ന പുസ്തകവുമെഴുതി. ഇപ്പോൾ പുസ്തകത്തിന്റെ സാരാംശങ്ങൾ പ്രചരിപ്പിച്ചാണ് യാത്ര. 800 കീലോമീറ്റർ ദൈർഘ്യത്തിലാണ് ഹാരിസ് രാജിന്റെ യാത്ര. പുതുവർഷ ദിനത്തിൽ തുടങ്ങിയ യാത്ര മാർച്ച് 20 നാണ് അവസാനിക്കുക. വിവേചമില്ലാതെ വിജ്ഞാനം എല്ലാവരിലേക്കും എത്തിക്കുന്നതോടെ വർഗീയമായ ചേരിതിരിവൊഴിവാക്കി ലോകസമാധാനം നേടുക എന്നതാണ് ലക്ഷ്യമെന്ന് ഹാരിസ് രാജ് പറയുന്നു.
Read More... 'പ്രധാനമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ അവിടെക്കിടന്ന് മരിച്ചേനെ'; മുന്‍ ഉദ്യോഗസ്ഥരുടെ മോചനം നയതന്ത്ര വിജയം
ഉന്തുവണ്ടിയിലാണ് യാത്ര മുഴുവൻ. കിടക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പല ദിവസവും ഇതിൽ തന്നെയാണ് കിടക്കുക. ചിലപ്പോൾ പുറത്ത് കിടക്കുന്ന കണ്ട് ചില വീട്ടുകാരും സ്ഥാപനങ്ങളും സൗകര്യം ഒരുക്കിത്തരുമെന്നും അദ്ദേഹം പറയുന്നു.
