വനിതാ കമ്മീഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ തിരുമല മൈലം തറ (മുണ്ടുപറമ്പ്) സുനില്‍കുമാറാണ് അറസ്റ്റിലായത്.
ആലപ്പുഴ: വനിതാ കമ്മീഷന്‍ അദാലത്ത് അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ തിരുമല മൈലം തറ (മുണ്ടുപറമ്പ്) സുനില്‍കുമാറാണ് അറസ്റ്റിലായത്. സുനില്‍കുമാറും സമീപവാസി ഗീതാ അശോകനും തമ്മില്‍ വഴി സംബന്ധമായി നാളുകളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
ഗീതയുടെ ഭര്‍ത്താവ് തളര്‍വാതം പിടിപെട്ട് കിടപ്പിലാണ്. ഇയാളുടെ തൊണ്ണൂറ് വയസുകാരി അമ്മയും തളര്‍ന്ന് കിടപ്പാണ്. സഹോദരി ഭാഗീരഥി കേള്‍വി ശക്തിയും സംസാര ശേഷിക്കുറവുമുള്ളയാളാണ്. ഈ കുടുംബം കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടുത്ത നാളില്‍ സുനില്‍ കുമാര്‍ കെട്ടിയടച്ചു. ഇതിനെ ചോദ്യം ചെയ്ത ഗീതയെ സുനില്‍ കുമാര്‍ മര്‍ദ്ദിച്ചു.
ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുകയും സുനില്‍കുമാറിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുനില്‍കുമാര്‍ അമ്മ ലീലയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു. ആ പരാതിയില്‍ മൊഴിയെടുക്കുമ്പോഴായിരുന്നു ഇന്ന് സുനില്‍കുമാര്‍, കമ്മീഷന്‍റെ അനുമതിയില്ലാതെ അദാലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചത്. ഇത് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കമ്മീഷന്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
